സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച് അവശരാക്കി ബിവറേജില്‍ കവര്‍ച്ച; വിലയേറിയ മദ്യം തട്ടിയെടുത്തു

സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് അവശരാക്കി കെട്ടിയിട്ടശേഷം ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍ മോഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാന്നാര്‍: സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് അവശരാക്കി കെട്ടിയിട്ടശേഷം ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍ മോഷണം. പുലിയൂര്‍ പാലച്ചുവട് ജംഗ്ഷന് സമീപമുള്ള ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് മോഷണം നടന്നത്. ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരായ സുരേഷ്, സുധാകരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. കത്തി, കഠാര, ഇരുമ്പ് കമ്പി തുടങ്ങിയ മാരക ആയുധങ്ങളുമായി മദ്യശാലയുടെ ചുറ്റു മതില്‍ ചാടിക്കടന്ന് എത്തിയ മോഷ്ടാക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. ഇത് തടയാനെത്തിയ സുധാകരനേയും മര്‍ദിച്ച് അവശനാക്കിയശേഷം നിലത്തിട്ട് ചവിട്ടി. ഇരുവരുടേയും കൈകള്‍ പുറകിലേക്ക് പിടിച്ച് കെട്ടിയിട്ടു. തുടര്‍ന്ന് താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ മദ്യശാലയില്‍ കയറിയത്. 

ഇവിടെ നിന്ന് വിലകൂടിയ പന്ത്രണ്ടോളം മദ്യക്കുപ്പികള്‍ കൈക്കലാക്കി. സിസിടിവി കാമറയില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു എന്നു മനസിലാക്കി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കൈവശപ്പെടുത്തി. തുടര്‍ന്ന് പണം വച്ചിരുന്ന ലോക്കര്‍ പൊളിക്കാനും ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരുടെ മൊബൈലും മോഷ്ടാക്കള്‍ കൈക്കലാക്കി. തുടര്‍ന്ന് സുധാകരന്റെ ബൈക്കില്‍ രക്ഷപ്പെട്ടു. 

യാത്രക്കിടെ മാവേലിക്കര തഴക്കരയില്‍ വച്ച് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. . ഇതേ സമയംമര്‍ദ്ദനമേറ്റ് അവശരായിക്കിടന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇഴഞ്ഞു നീങ്ങി പരസ്പരം ഇവരുടെ കയ്യിലെകെട്ടഴിച്ചു. അതിനുശേഷം സുരേഷിന്റെ ബൈക്കില്‍ പോയി ബിവറേജിലെ മറ്റ് ജീവനക്കാരെയും മാനേജരേയും വിവരം അറിയിച്ചു. മാനേജരാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com