മാണി സി കാപ്പന്‍ മൂന്നരക്കോടി തട്ടിയെടുത്തു; ഷിബു പുറത്തുവിട്ട രേഖകള്‍ വ്യാജമല്ല; കോടിയേരിയുമായി പണമിടപാടില്ല;  ദിനേശ് മേനോന്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് പാലാ എംഎല്‍എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തതായി വ്യവസായി ദിനേശ് മേനോന്‍
മാണി സി കാപ്പന്‍ മൂന്നരക്കോടി തട്ടിയെടുത്തു; ഷിബു പുറത്തുവിട്ട രേഖകള്‍ വ്യാജമല്ല; കോടിയേരിയുമായി പണമിടപാടില്ല;  ദിനേശ് മേനോന്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് പാലാ എംഎല്‍എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തതായി വ്യവസായി ദിനേശ് മേനോന്‍. കോടിയേരിയെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. കോടിയേരിയുമായോ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാപ്പന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. 3.5 കോടി തട്ടിയെടുത്തപ്പോള്‍ അതില്‍ 25 ലക്ഷം മാത്രമാണ് തിരിച്ചു തന്നത്. പണം തിരിച്ച് തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകള്‍ തന്നത്. എന്നാല്‍ അതെല്ലാം മടങ്ങി. ഭൂമി തരാം എന്ന് പറഞ്ഞു. എന്നാല്‍ അതും തട്ടിപ്പായിരുന്നു. ബാങ്കില്‍ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. കാപ്പന്‍ തന്നെ പൂര്‍ണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012ല്‍ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്.

16 ശതമാനം ഓഹരി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ യോഗത്തിന് തന്നെ ക്ഷണിച്ചിരുന്നു. അന്ന് വിഎസ് അച്ചുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ആ യോഗത്തിനായാണ് താന്‍ തിരുവനന്തപുരത്ത് വന്നത്. മാണി സി കാപ്പന്‍, തന്നെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ വീട്ടില്‍ കൊണ്ടു പോകുകയായിരുന്നു. വീട്ടില്‍ വെച്ച് ചായ കുടിച്ച് പിരിഞ്ഞു. 

കേസില്‍ മാണി സി കാപ്പന്‍ വിചാരണ നേരിടുകയാണ്. പണം തിരിച്ചു കിട്ടാനായി താന്‍ എന്‍സിപി നേതാക്കന്മാരെയും ബന്ധപ്പെട്ടിരുന്നു. മാണി സി കാപ്പന്‍ എന്‍സിപിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം എങ്ങനെ പണം കൊണ്ടുവരുന്നു എന്ന കാര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. അതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.

കോടിയേരിയെ അന്ന് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല. കോടിയേരിയുമായോ മകനുമായോ യാതൊരു ഇടപാടുമുണ്ടായിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോട് തന്നെ ചോദിക്കണം. സിബിഐയില്‍ പരാതി നല്‍കിയത് താനാണ്. വിമാനത്താവളത്തിന്റെ ഓഹരി തരാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് കാപ്പന്‍ പറ്റിച്ചു എന്ന് തോന്നിയപ്പോഴാണ് പരാതി നല്‍കിയത്. 

ഷിബു പുറത്തുവിട്ട രേഖകള്‍ സിബിഐയില്‍ നിന്ന് താന്‍ നേടിയിരുന്നു. അത് മാധ്യമങ്ങളിലൂടെ താന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. അതുതന്നെയാണ് ഷിബു ബേബി ജോണ്‍ ഇപ്പോള്‍ പുറത്തുവിട്ടത്. സിബിഐയില്‍ തിരക്കിയാല്‍ കൂടുതല്‍ കാര്യങ്ങളറിയാമെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com