പൊലീസിന്റെ കൈവശമുള്ളതല്ല, യഥാര്‍ത്ഥ ദൃശ്യം കൈമാറണം ; പുതിയ ആവശ്യവുമായി ദിലീപ് കോടതിയില്‍

വീഡിയോക്കൊപ്പമുള്ള ശബ്ദം കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നില്ല. ദൃശ്യങ്ങള്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത് കൈമാറണം
പൊലീസിന്റെ കൈവശമുള്ളതല്ല, യഥാര്‍ത്ഥ ദൃശ്യം കൈമാറണം ; പുതിയ ആവശ്യവുമായി ദിലീപ് കോടതിയില്‍

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കൈമാറണമെന്ന ആവശ്യവുമായി നടന്‍ ദീലീപ്. ദൃശ്യങ്ങളുടെ പകര്‍പ്പ് കിട്ടാന്‍ തനിക്ക് അവകാശമുണ്ട്. കേസിലെ വാദമുഖങ്ങള്‍ ദീലീപ് രേഖാമൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. 

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ശബ്ദത്തില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്ന് ദിലീപ് ആരോപിച്ചു. വീഡിയോക്കൊപ്പമുള്ള ശബ്ദം കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നില്ല. ദൃശ്യങ്ങള്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത് കൈമാറണം. നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ അത്യാവശ്യമാണെന്നും ദിലീപ് കോടതിയില്‍ സൂചിപ്പിച്ചു. 

സ്ത്രീശബ്ദം പലയിടങ്ങളിലും ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. പൊലീസിന്റെ വാദങ്ങള്‍ക്ക് അനുസൃതമായി എഡിറ്റിംഗ് നടന്നിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം തെളിയിക്കുന്നതിന് തനിക്ക് ദൃശ്യം നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു. പൊലീസിന്റെ കൈവശമുള്ള ദൃശ്യമല്ല, യഥാര്‍ത്ഥ ദൃശ്യം ക്ലോണ്‍ ചെയ്ത് നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയാല്‍ പുറത്തേക്കുപോകുമെന്ന വാദവും അദ്ദേഹം നിഷേധിച്ചു. ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകില്ല. തന്റെയും അഭിഭാഷകന്റെയും കയ്യില്‍ ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. കേസിലെ വാദം പൂര്‍ത്തിയാശേഷം ദൃശ്യങ്ങള്‍ അതേപടി തിരികെ നല്‍കാന്‍ തയ്യാറാണെന്നും എഴുതി നല്‍കിയ വാദത്തില്‍ ദിലീപ് വ്യക്തമാക്കി. 

നേരത്തെ കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണെന്നും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. കേസ് പരിഗണിച്ച സുപ്രിംകോടതി, മെമ്മറി കാര്‍ഡ് തൊണ്ടിയാണോ രേഖയാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒരു കാരണവശാലും ദിലീപിന് കൈമാറരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യതയെ കൂടി ബാധിക്കുന്നതാണ് ഇക്കാര്യം. മാത്രമല്ല, ദിലീപിന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ കേസിലെ മറ്റു പ്രതികളും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തു വരും. ഇത് നടിയുടെ സ്വകാര്യതയെയും സ്വൈര്യജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

ദൃശ്യങ്ങള്‍ നല്‍കുന്നതിനെ ആക്രമണത്തിന് ഇരയായ നടിയും എതിര്‍ത്തു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നടി കോടതിയില്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ നല്‍കിയാല്‍ തന്നെ തിരിച്ചറിയാനാകും. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടും. സ്വകാര്യത മൗലികാവകാശമാണെന്നും, മെമ്മറി കാര്‍ഡ് നല്‍കുന്നത് സ്വകാര്യജീവിതത്തെ ബാധിക്കുമെന്നും നടി കോടതിയില്‍ ബോധിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com