60 വയസ്സുകഴിഞ്ഞവര്‍ സംസ്ഥാന കമ്മറ്റിയില്‍ വേണ്ട; സിപിഎമ്മില്‍ ചര്‍ച്ച

സിപിഎമ്മില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കുന്നത് ആലോചനയില്‍ 
60 വയസ്സുകഴിഞ്ഞവര്‍ സംസ്ഥാന കമ്മറ്റിയില്‍ വേണ്ട; സിപിഎമ്മില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: സിപിഎമ്മില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കുന്നത് ആലോചനയില്‍. ബംഗാള്‍ മോഡലില്‍ അറുപത് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ചാണ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയോഗത്തില്‍ ചര്‍ച്ച നടന്നതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൂചിപ്പിച്ചു. ബംഗാളില്‍  സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആണെങ്കിലും ശരാശരി പ്രായം 60 ആണ്. മുതിര്‍ന്ന ഏതാനും നേതാക്കള്‍ മാത്രമാണ് നിലവില്‍ ബംഗാള്‍ സംസ്ഥാന ഘടകത്തിലുള്ളത്.

പ്രായപരിധി നിശ്ചയിക്കുകയാണെങ്കില്‍ തീരുമാനമെടുക്കാനുള്ള അവകാശം അതാത് സംസ്ഥാന ഘടകങ്ങള്‍ക്കായിരിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാട്ടം നടത്തണമെങ്കില്‍ പാര്‍ട്ടി നേതൃനിരയില്‍ കൂടുതല്‍ യുവാക്കള്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മറ്റ് പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നുണ്ടെന്നും ചിലര്‍ ചര്‍ച്ചക്കിടെ അഭിപ്രായപ്പെട്ടു.

പുതിയ നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ കേരള സംസ്ഥാന കമ്മറ്റി ഘടകത്തില്‍ നിന്ന് ഭൂരിഭാഗം നേതാക്കളും മാറേണ്ടി വരും. മുതിര്‍ന്നവരെ ഒറ്റയടിക്ക് മാറ്റിയാല്‍ നേതൃനിരയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഒരു വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതേതുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് പ്രായപരിധിയില്‍ അന്തിമതീരുമാനമെടുക്കാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദയനീയ പ്രകടനത്തിന് കാരണങ്ങളിലൊന്ന് പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കാതിരുന്നതാണെന്ന് കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ യെച്ചൂരി പറഞ്ഞു. സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു. 2009 മുതലാണ് ശക്തി കുറഞ്ഞു തുടങ്ങിയത്. പ്ലീനം റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ദയനീയ പ്രകടനത്തിന് കാരണമായിയെന്നും യെച്ചൂരി വ്യക്തമാക്കി.

പാലായില്‍ ഇടതുമുന്നണി നേടിയത് ഗംഭീര വീജയമാണെന്ന് കേന്ദ്രക്കമ്മിറ്റി യോഗം വിലയിരുത്തി. ഇടതുമുന്നണിക്കെതിരെയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും ഉള്ള വന്‍ പ്രചാരണങ്ങള്‍ അതിജീവിച്ചാണ് എല്‍ഡിഎഫ് പാലയില്‍ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി പറഞ്ഞു.

മഹാരാഷ്ട്രഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കും. ഇതിനായി ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് മല്‍സരിക്കും. ആരും എതിരഭിപ്രായം പറയരുതെന്ന സന്ദേശം പരത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ കശ്മീരില്‍ നിന്നുള്ള നേതാവായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് പങ്കെടുക്കാനായിരുന്നില്ല. തരിഗാമിയ്‌ക്കെതിരെ ഒരു കേസുമില്ലെന്നും അദ്ദേഹം തടവിലല്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍, എന്നാല്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com