അടൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധം; 'മോദിക്ക് നാളെ ഡിവൈഎഫ്‌ഐ ഒരു ലക്ഷം കത്തുകള്‍ അയക്കും' 

അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണം 
അടൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധം; 'മോദിക്ക് നാളെ ഡിവൈഎഫ്‌ഐ ഒരു ലക്ഷം കത്തുകള്‍ അയക്കും' 

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റംചുമത്തി കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ.  ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാളെ ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. 

അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബിഹാറില്‍ കേസെടുത്തത്. 'ജയ് ശ്രീറാം' വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്‌കാരിക നായകര്‍ കത്തിലൂടെ വിമര്‍ശിച്ചിരുന്നു. കത്ത് പുറത്തുവന്ന ഘട്ടത്തില്‍തന്നെ സംഘപരിവാര്‍ ഭീഷണി ആരംഭിച്ചതാണ്. അടൂര്‍ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആക്രോശിച്ചുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണെന്നും ഡിവൈഎഫ്‌ഐ പറയുന്നു. 

അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, മതേതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാലമാണിത്. ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ (രാജ്യദ്രോഹം) വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com