കാക്കനാട് ജയിലില്‍ സംഘര്‍ഷം; ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ചു

കാക്കനാട് ജയിലില്‍ സംഘര്‍ഷം; ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ചു

കാക്കനാട്: വിവിധ കേസുകളില്‍ പ്രതികളായ 18-21 പ്രായക്കാരെ പാര്‍പ്പിക്കുന്ന ബോസ്റ്റല്‍ സ്‌കൂളില്‍ തടവുകാര്‍ കൂട്ടത്തോടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പരുക്കേറ്റ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ സുഭാഷ് ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ജയിലില്‍ നിന്ന് ഈയാഴ്ച ഇവിടേക്കു മാറ്റിയ 6 പ്രതികളാണ് ആക്രമണം നടത്തിയതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വധശ്രമം, ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതികളാണിവര്‍.

വ്യാഴാഴ്ച ഉച്ചയ്ക്കു തുടങ്ങിയ സംഘര്‍ഷം വൈകുന്നേരത്തോടെ രൂക്ഷമായി. തോളെല്ലിനു പരുക്കേറ്റ സുഭാഷ് ചന്ദ്രനെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗാര്‍ഡ് ഓഫിസറുടെ ചുമതലയുള്ള സുഭാഷ് ചന്ദ്രനെ പ്രതികള്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.

ഒരേ കേസില്‍ പ്രതികളായെത്തിയവരാണ് ആക്രമണത്തിനു പിന്നിലെ ആറു പേരും. ഈയാഴ്ച പല ദിവസങ്ങളിലായി രണ്ടു പേരെ വീതമാണ് കോട്ടയം ജയിലില്‍ നിന്നു കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലെത്തിച്ചത്. അവസാന രണ്ടു പേര്‍ വ്യാഴാഴ്ച രാവിലെ എത്തിയതോടെയാണ് ആറംഗ സംഘം ഉദ്യോഗസ്ഥരോടു കയര്‍ത്തു തുടങ്ങിയത്. രാവിലെ പഠന മുറിയില്‍ അധ്യാപകനു നേരെ ഇവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

ഉച്ചയ്ക്കു ഭക്ഷണ സമയത്തു സഹ തടവുകാര്‍ക്കു നേരെയായി ഭീഷണി. ഇവരെ ചോദ്യം ചെയ്യാനായി ഒരുമിച്ചു പുറത്തിറക്കിയപ്പോഴാണു കൂട്ടത്തോടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കാക്കനാട് വനിതാ ജയിലിനോടു ചേര്‍ന്നാണ് ബോസ്റ്റല്‍ സ്‌കൂള്‍. 18- 21 പ്രായക്കാരായ 60 തടവുകാരാണ് ഇവിടെയുള്ളത്. കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലെ ജയിലുകളിലേക്കു റിമാന്‍ഡിലെത്തുന്ന ചെറുപ്രായക്കാരെയാണ് കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ താമസിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com