കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു; ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍, സയനൈഡ് എത്തിച്ചുനല്‍കിയ ബന്ധു മാത്യുവും പൊലീസ് പിടിയില്‍

ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്
കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു; ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍, സയനൈഡ് എത്തിച്ചുനല്‍കിയ ബന്ധു മാത്യുവും പൊലീസ് പിടിയില്‍

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍  സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍, മരിച്ച റോയിയുടെ ഭാര്യ ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ബന്ധു മാത്യുവിനെയും ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ഷാജുവും മാത്യുവും രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്നു രാവിലെയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. 

മൂന്നു പേരെയും എസ്പി കെജി സൈമന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ആറു പേരുടെയും മരണത്തില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചനകള്‍. വൈകിട്ടോടെ അറസ്റ്റ് രേഖപ്പടുത്തിയേക്കും.

ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു.

ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. 

ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com