ജി സുധാകരന്റെ 'പൂതന' പരാമര്‍ശം; അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ 'പൂതന' പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ജി സുധാകരന്റെ 'പൂതന' പരാമര്‍ശം; അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

അരൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ 'പൂതന' പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയാണ് റിപ്പോര്‍ട്ട് തേടിയത്. ഡി ജി പിയും ആലപ്പുഴ കലക്ടറും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. 

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുധാകരന്റെ വിവാദ പരാമര്‍ശം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യമാണ് പരാതിയില്‍ ഉന്നയിച്ചത്. മന്ത്രിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫും പരാതി നല്‍കിയിരുന്നു. 

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍ എന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. 

പൊതു ജീവിതത്തില്‍ താന്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമര്‍ശം കേള്‍ക്കുന്നത്. അതില്‍ അതിയായ ദുഃഖം ഉണ്ടെന്ന് ഷാനിമോള്‍ പറഞ്ഞിരുന്നു. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദ പ്രയോഗമാണ് സുധാകരന്‍ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതല്‍ തന്നെ അറിയുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധവും അറിയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫ് നേതൃത്വം പ്രതികരിക്കട്ടേ എന്നാണ് തന്റെ നിലപാടെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു. 

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരനും രംഗത്തെത്തിയിരുന്നു. ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണ്. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അടുക്കളയില്‍ കയറിയല്ല വാര്‍ത്ത എടുക്കേണ്ടത്. പത്രക്കാര്‍ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാര്‍ത്തകള്‍ ഇതിനു ഉദാഹരണമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com