ജോളി വിവാഹം ചെയ്തത് ടോം തോമസ് വീട്ടില്‍ കയറുന്നതില്‍ നിന്നും വിലക്കിയ ആളെ ; മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ മാത്യുവിനെയും ഇരയാക്കി ; ടോം തോമസിന്റെ ഡയറിയും കാണാതായി ? 

ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിനെ അടുത്ത ബന്ധുക്കളും ഇടവക വികാരിയും എതിര്‍ത്തിരുന്നു
ജോളി വിവാഹം ചെയ്തത് ടോം തോമസ് വീട്ടില്‍ കയറുന്നതില്‍ നിന്നും വിലക്കിയ ആളെ ; മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ മാത്യുവിനെയും ഇരയാക്കി ; ടോം തോമസിന്റെ ഡയറിയും കാണാതായി ? 

കോഴിക്കോട് : കൂടത്തായി കൂട്ട ദുരൂഹമരണത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൃത്യമായി ആസൂത്രണം നടത്തി പലപ്പോഴായി സയനൈഡ് നല്‍കിയായിരുന്നു കൊലപാതകങ്ങളെന്നാണ് സൂചന.  റോയി തോമസിന്റെ അമ്മയായ അന്നാമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണാണ് അന്നാമ്മ മരിക്കുന്നത്. 

ഇതിന് ശേഷം ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍ത്താവ് റോയി തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ ഫിലി, മകള്‍ അല്‍ഫൈന്‍ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയില്‍ ഛര്‍ദിച്ച് കുഴഞ്ഞുവീണ് മരിച്ചത്. ടോം തോമസിന്‍രെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ജോളി പിന്നീട് ടോമിന്റെ സഹോദരപുത്രന്‍ ഷാജുവിനെ വിവാഹം കഴിച്ചിരുന്നു. വീട്ടില്‍ കയറുന്നതില്‍ നിന്നും ടോം തോമസ് വിലക്കിയ ആളാണ് ഷാജു. 

ഷാജുവിനെ വീട്ടില്‍ കയറുന്നതിനെ ടോം തോമസ് വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിനെ അടുത്ത ബന്ധുക്കളും ഇടവക വികാരിയും എതിര്‍ത്തിരുന്നു. തുടര്‍ന്ന് മറ്റൊരു പള്ളിയിലെത്തിയാണ് വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടോം തോമസിന്റെ സ്വത്തുക്കളെല്ലാം ജോളി തന്റെ പേരില്‍ എഴുതിവെച്ചതാണ് കേസില്‍ വഴിത്തിരിവായത്. അന്നമ്മയുടെയും ടോം തോമസിന്റെയും മരണത്തിന് പിന്നാലെ ടോമിന്റെ ഡയറി വീട്ടില്‍ നിന്നും കാണാതായതായും റിപ്പോര്‍ട്ടുണ്ട്. റോയിയുടെ അമ്മാവനും തൊട്ടടുത്ത് താമസക്കാരനുമായ മാത്യു മഞ്ചാടിയില്‍ ദുരൂഹ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. 

മാത്യുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ ശരീരത്തില്‍ സയനൈഡ് ചെന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ സയനൈഡ് എവിടെ നിന്നാണ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചിരുന്നുമില്ല. റോയിയുടേത് ആത്മഹത്യയാണെന്നും, ഇക്കാര്യം കുത്തിപ്പൊക്കിയാല്‍ കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നും ജോളി കുടുംബാംഗങ്ങളെ സ്‌നേഹപൂര്‍വം വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍ മരണങ്ങളില്‍ സംശയം തുടര്‍ന്ന അമ്മാവന്‍ മാത്യു ഭീഷണിയാകുമെന്ന് ജോളി ഭയന്നു. മാത്യുവിനെയും വകവരുത്താന്‍ ഇതോടെ ജോളി തീരുമാനിച്ചു. കൃത്യമായ ആസൂത്രണം നടത്തിയ ജോളി, മാത്യുവിന്റെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ചെല്ലുകയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയുമായിരുന്നു എന്നാണ് സൂചന. മരച്ചീനിയില്‍ വിഷം കലര്‍ത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജോളിയും ഷാജുവുമായി വര്‍ഷങ്ങളായി അവിഹിത ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജുവുമായി പിരിയാനാകാത്ത വിധം അടുത്ത ജോളി, പിന്നീട് ജീവിതത്തില്‍ ഒരുമിക്കുന്നതിനായി ഷാജുവിന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com