പാവറട്ടി കസ്റ്റഡി മരണം; എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
പാവറട്ടി കസ്റ്റഡി മരണം; എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അഡി. എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രിവന്റീവ് ഓഫീസര്‍മാരായ വിഎ ഉമ്മര്‍, എംജി അനൂപ് കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം മാധവന്‍, വിഎം സ്മിബിന്‍, എക്‌സൈസ് ഓഫീസര്‍മാരായ എംഒ ബെന്നി, മഹേഷ്, എക്‌സൈസ് െ്രെഡവര്‍ വിബി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

പത്ത് കിലോ കഞ്ചാവ് രഞ്ജിത്തിന്റെ കൈവശമുണ്ടെന്ന വിവരത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസാണ് മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാരും നാല് സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും അടങ്ങുന്ന എട്ടംഗ സംഘത്തെ അയച്ചത്. ഔദ്യോഗിക വാഹനത്തിലും വാടകയ്‌ക്കെടുത്ത മറ്റൊരു വാഹനത്തിലുമായി മലപ്പുറത്തേക്ക് തിരിച്ച സംഘം തിരൂരില്‍ നിന്ന് ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് രണ്ട് കിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്.

ചോദ്യം ചെയ്തപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ കൂടുതല്‍ കഞ്ചാവുണ്ടെന്നായിരുന്നു മൊഴി. ലോഡ്ജുകളില്‍ രഞ്ജിത്തുമായി കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. രഞ്ജിത്ത് പറ്റിക്കുകയാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൂവത്തൂരിലെ കോണ്‍ട്രാക്ടറുടെ ഗോഡൗണ്‍ തിരഞ്ഞെടുത്തത്. 

മൂന്ന് മണിക്കൂറോളം ഇവിടെ ചോദ്യം ചെയ്‌തെങ്കിലും രഞ്ജിത്ത് ഒന്നും വിട്ടു പറഞ്ഞില്ല. മര്‍ദ്ദനമേറ്റ് അവശനായ രഞ്ജിത്ത് ബോധരഹിതനായതോടെ പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് രഞ്ജിത്തിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു.

വാഹനത്തില്‍ വച്ച് അക്രമാസക്തനായ രഞ്ജിത്തിനെ പിടിച്ചു നിറുത്തുന്നതിനിടയില്‍ അപസ്മാരം ഉണ്ടായെന്നും പിന്നീട് ബോധം കെട്ടുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ നല്‍കിയ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഒരു കൈയബദ്ധമെന്നാണ് ഉദ്യോഗസ്ഥരുടെ ക്ഷമാപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com