രഘുവിന്റെ പേര് പറഞ്ഞ് ചികില്‍സാ സഹായത്തിന് നാടുമുഴുവന്‍ പണപ്പിരിവ് ; ഒടുവില്‍ രഘുവിന്റെ വീട്ടിലുമെത്തി ; കള്ളി പൊളിഞ്ഞു

ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ അറിവോടെയാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്
രഘുവിന്റെ പേര് പറഞ്ഞ് ചികില്‍സാ സഹായത്തിന് നാടുമുഴുവന്‍ പണപ്പിരിവ് ; ഒടുവില്‍ രഘുവിന്റെ വീട്ടിലുമെത്തി ; കള്ളി പൊളിഞ്ഞു

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞ് ചികില്‍സാ സഹായത്തിനായി നാടുമുഴുവന്‍ പണപ്പിരിവ് നടത്തിയവര്‍ ഒടുവില്‍ പിടിയിലായി. ആളറിയാതെ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ വീട്ടിലും പിരിവിനെത്തിയതോടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇലന്തൂര്‍ തോന്ന്യാമല പള്ളിപ്പറമ്പില്‍ ജോണിക്കുട്ടി (53), അഴൂര്‍ സന്തോഷ് ഭവനില്‍ മുകളുംമുറിയില്‍ തോമസുകുട്ടി (51) എന്നിവരാണ് പിടിയിലാകുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ അറിവോടെയാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. തുമ്പമണ്‍ സ്വദേശികളാണെന്നും മകളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം അഭ്യര്‍ഥിച്ചു വന്നതാണെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചികിത്സാ സഹായത്തിന്റെ പേരില്‍  പെരുമ്പുളിക്കല്‍ കുളവള്ളി ഭാഗത്തുള്ള വീടുകളിലാണ് ഇവര്‍ പണപ്പിരിവ് നടത്തിയത്. പണപ്പിരിവ് പുരോഗമിക്കുന്നതിനിടെ ഇരുവരും രഘുവിന്റെ വീട്ടില്‍ എത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

വീട് തിരിച്ചറിയാതെ, രഘു പെരുമ്പുളിക്കല്‍ പറഞ്ഞിട്ടു ചികിത്സാ സഹായത്തിനു വന്നതാണെന്ന് ഇവിടെയും പറഞ്ഞു. രഘുവിനെ അറിയാമോ എന്നു ചോദിച്ചപ്പോള്‍ തുമ്പമണ്‍ പഞ്ചായത്ത് അംഗമാണെന്ന് പറഞ്ഞതോടെ തട്ടിപ്പു മനസ്സിലായ രഘു നാട്ടുകാരെ കൂട്ടി ഇരുവരെയും തടഞ്ഞു വച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പന്തളം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. സമാനമായ തട്ടിപ്പ് കുളനട, ഇലവുംതിട്ട, മെഴുവേലി എന്നിവിടങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com