വിവാഹ പരസ്യം കണ്ട് തട്ടിപ്പ്: കൈക്കലാക്കിയത് ഏഴുലക്ഷം രുപ; മരിച്ചുവെന്ന് പത്രപരസ്യം നല്‍കി, ഒടുവില്‍ പിടിയില്‍

പത്രത്തിലെ വിവാഹ പരസ്യം കണ്ട് സഹോദരനു വേണ്ടിയെന്ന പേരില്‍ യുവതിയെയും കുടുംബത്തെയും പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
വിവാഹ പരസ്യം കണ്ട് തട്ടിപ്പ്: കൈക്കലാക്കിയത് ഏഴുലക്ഷം രുപ; മരിച്ചുവെന്ന് പത്രപരസ്യം നല്‍കി, ഒടുവില്‍ പിടിയില്‍


ആലപ്പുഴ: പത്രത്തിലെ വിവാഹ പരസ്യം കണ്ട് സഹോദരനു വേണ്ടിയെന്ന പേരില്‍ യുവതിയെയും കുടുംബത്തെയും പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. ഇടുക്കി അറക്കുളം നാടുകാണി പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ എടത്വ പച്ച പാറേച്ചിറ സ്വദേശി സുമേഷി(35)നെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കുറത്തികാട് സ്വദേശിനിക്കു വേണ്ടിയുള്ള പരസ്യം കണ്ടാണു തട്ടിപ്പു നടത്തിയത്. തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു. പണം തിരികെ നല്‍കാതിരിക്കാന്‍ താനും സഹോദരനും മരിച്ചെന്ന രീതിയില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തയും തയാറാക്കി അയച്ചു.

പരസ്യത്തിലെ ഫോണ്‍ നമ്പരില്‍ വിളിച്ച്, വിദേശത്തുള്ള സഹോദരന്‍ വിഷ്ണുവിനു വേണ്ടിയാണെന്നു പറഞ്ഞാണു സുമേഷ് വിവാഹാലോചന നടത്തിയത്. തനിക്കു ചെങ്ങന്നൂര്‍ റജിസ്ട്രാര്‍ ഓഫിസിലാണു ജോലിയെന്നും സുമേഷ് പറഞ്ഞു. പിന്നീടു നേരിട്ടെത്തി വിവാഹം ഉറപ്പിച്ചു. വിഷ്ണു എന്ന വ്യാജേന യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ട് സന്ദേശങ്ങള്‍ അയച്ച് അടുപ്പമുണ്ടാക്കി.

മലേറിയ ബാധിച്ച് വിഷ്ണു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എന്നു പറഞ്ഞായിരുന്നു പണം തട്ടല്‍. വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നും അറിയിച്ചു. വിഷ്ണുവിന്റെ അളിയന്റേതെന്നു പറഞ്ഞു നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്കു പലപ്പോഴായി 5 ലക്ഷം രൂപ വാങ്ങി. വിഷ്ണുവിനു രോഗം കൂടിയതിനാല്‍ വെല്ലൂരില്‍ കൊണ്ടുപോകാനെന്നു പറഞ്ഞു 2.7 ലക്ഷംകൂടി വാങ്ങി. വെല്ലൂരില്‍വച്ചു വിഷ്ണു മരിച്ചു എന്ന സന്ദേശം യുവതിയുടെ വീട്ടുകാരുടെ ഫോണുകളിലേക്ക് അയച്ചു.

വിഷ്ണുവിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമ്പോള്‍ അപകടത്തില്‍ സുമേഷും മരിച്ചെന്ന് അടുത്ത സന്ദേശം അയച്ചു. 'എടത്വയെ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ അന്ത്യയാത്ര' എന്ന തലക്കെട്ടോടെയുള്ള വ്യാജ പത്രവാര്‍ത്തയും അയച്ചു. പ്രതിയുടെയും ഒരു കൂട്ടുകാരന്റെയും ചിത്രങ്ങള്‍ ചേര്‍ത്താണ് വ്യാജ ചിത്രം സൃഷ്ടിച്ചത്. ഇതിനു ശേഷം വിഷ്ണുവിന്റെ സഹോദരിയെന്ന രീതിയിലായി സന്ദേശങ്ങള്‍. വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരന്റെ മകളാണെന്നും മറ്റുമായിരുന്നു ഭീഷണി.

'സ്‌നേഹത്തിനു മരണം സമ്മാനിച്ച ഡ്രാക്കുള നിങ്ങളുടെ നാട്ടുകാരി' എന്നെഴുതിയ ലഘുലേഖകള്‍ യുവതിയുടെ വീട്ടിലും പരിസരത്തും രാത്രിയെത്തി വിതരണം നടത്തി. ഫോണിലേക്ക് അയച്ച ചിത്രങ്ങളുടെ പ്രിന്റ് തപാലില്‍ അയച്ചു. ആരെയും അറിയിക്കാതെ പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ വഴി ഇതിനെല്ലാം പ്രചാരണം നല്‍കുമെന്നും ഭീഷണിയുണ്ടായി. തുടര്‍ന്നു പൊലീസിനു ലഭിച്ച പരാതിയില്‍ തിരച്ചില്‍ തുടങ്ങി. കുറത്തികാട് എസ്‌ഐ എസിബിബിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ പ്രതിയെ പിടികൂടി മാവേലിക്കര കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com