'സ്വത്തു തര്‍ക്കം ഉണ്ട്; ഭാര്യയുടെ പങ്ക് അന്വേഷിക്കട്ടെ' ; കൂടത്തായി മരണപരമ്പരയില്‍ തനിക്കു ബന്ധമില്ലെന്ന് ഷാജു

തെറ്റു ചെയ്യാതെ ക്രൂശിക്കപ്പെടുന്ന അവസ്ഥ ഏതു മനുഷ്യനും വരാം. പിന്നീട് സത്യം തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമായി മാറുകയാണ്. നമ്മുടെ വ്യക്തിത്വമാണ് അവഹേളിക്കപ്പെടുന്നത്
'സ്വത്തു തര്‍ക്കം ഉണ്ട്; ഭാര്യയുടെ പങ്ക് അന്വേഷിക്കട്ടെ' ; കൂടത്തായി മരണപരമ്പരയില്‍ തനിക്കു ബന്ധമില്ലെന്ന് ഷാജു


കോഴിക്കോട്: കൂടത്തായി മരണ പരമ്പരയുമായി ബന്ധപ്പെട്ട് തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന്, ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയ. തനിക്ക് ഈ സംഭവങ്ങളില്‍ ഒരു ബന്ധവുമില്ല. മറ്റെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്ന് ഷാജു മാധ്യമങ്ങളോടു പറഞ്ഞു.

ജോളി തെറ്റു ചെയ്തിട്ടില്ലെന്നാണോ വിശ്വസിക്കുന്നത് എന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനുമില്ലെന്ന് ഷാജു പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവുമായി താന്‍ എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. മറ്റു പ്രതികരണങ്ങള്‍ക്കില്ല. സ്വത്തു തര്‍ക്കം സംഭവങ്ങള്‍ക്കു പിന്നിലുണ്ട്. പിന്നെ ഫൊറന്‍സിക് പരിശോധന നടക്കുകയാണല്ലോ, അതില്‍ എല്ലാം അറിയാമല്ലോയെന്ന് ഷാജു പറഞ്ഞു. 

തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കസ്റ്റഡിയില്‍ എടുത്തതായി വാര്‍ത്തകള്‍ വന്നതില്‍ വിഷമമുണ്ട്. ഇത്തരത്തില്‍ വാര്‍ത്ത വന്നതിലൂടെ പൊതുജന മധ്യത്തില്‍ അപമാനിക്കപ്പെടുകയാണ്. താന്‍ ഒരു അധ്യാപകന്‍ കൂടിയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് തനിക്ക് എല്ലാവരോടും പറഞ്ഞു നടക്കാനാവില്ല- ഷാജു പറഞ്ഞു.

തെറ്റു ചെയ്യാതെ ക്രൂശിക്കപ്പെടുന്ന അവസ്ഥ ഏതു മനുഷ്യനും വരാം. പിന്നീട് സത്യം തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമായി മാറുകയാണ്. നമ്മുടെ വ്യക്തിത്വമാണ് അവഹേളിക്കപ്പെടുന്നത്- ഷാജു പ്രതികരിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ജോളിക്കൊപ്പം ഷാജുവിനെയും കസ്റ്റഡിയില്‍ എടുത്തതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു തെറ്റായ വാര്‍ത്തയാണെന്ന് ഷാജു വിശദീകരിച്ചു. 

ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com