കൂടത്തായി കൊലപാതക പരമ്പര; പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും; കൂടുതല്‍ അറസ്റ്റിന് സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th October 2019 05:26 PM |
Last Updated: 06th October 2019 05:26 PM | A+A A- |
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ച രാഷ്ട്രീയ പ്രവര്‍ത്തകരെയടക്കം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. ജോളിയുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
പ്രാദേശിക ലീഗ് നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ എന്നിവരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, അവരുടെ അസൗകര്യത്തെ തുടര്‍ന്ന് മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഇരുന്നൂറിലധികം പേരില്‍ നിന്നാണ് മൊഴിയെടുത്തത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണമെന്ന് ലാബ് ഡയറക്ടറോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ ഒസ്യത്താണ് എന്നറിഞ്ഞാണ് പൊതുപ്രവര്‍ത്തകര്‍ അതില്‍ ഒപ്പിട്ടതെങ്കില്‍ അവരും കേസില്‍ പ്രതികളാവും. അറസ്റ്റിലായ ജോളിയും മാത്യുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വിവിധ രേഖകളും ഇലക്ട്രോണിക് തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. റോയിയുടെതിന് പുറമെ മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളിയുടെ പങ്കിന് തെളിവുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് പ്രതി ചേര്‍ക്കും. കൊലപാതകങ്ങളില്‍ പങ്കുള്ള മറ്റുള്ളവരിലേക്കും അന്വേഷണം നീളും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നുമാണ് വിവരം. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പേരിലേക്ക് സംശയം നീളുകയാണ്.