'ആ ആരോപണങ്ങള്‍ കോടതിയും ജനങ്ങളും തള്ളിയത് ; ബിജെപി വോട്ടുകള്‍ ചോരാതെ നോക്കൂ' ; കുമ്മനത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

കുമ്മനടി പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല
'ആ ആരോപണങ്ങള്‍ കോടതിയും ജനങ്ങളും തള്ളിയത് ; ബിജെപി വോട്ടുകള്‍ ചോരാതെ നോക്കൂ' ; കുമ്മനത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യാജ മദ്യക്കേസ് പ്രതി മണിച്ചനുമായി തന്നെ ബന്ധപ്പെടുത്തി കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാറ്റുകാരുടെ ഡയറില്‍ പേരുണ്ടെന്ന ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. ഇപ്പോള്‍ അക്കാര്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെയെന്ന് കടകംപള്ളി പറഞ്ഞു.

കുമ്മനടി പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. ബിജെപി വോട്ടുകള്‍ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല. പ്രളയകാലത്ത് കുമ്മനവും വി മുരളീധരനും എവിടെയായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ ഇടതുസ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെ അവഹേളിക്കുന്നത് ശരിയല്ല. പ്രശാന്ത് ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മേയര്‍ ബ്രോ എന്നുവിളിക്കുന്നതില്‍ കെ.മുരളീധരന്‍ എംപിക്ക് അസൂയയാണെന്നും കടകംപള്ളി പരിഹസിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മേയര്‍ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുബുദ്ധിയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.. ഇക്കാര്യം സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് തന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി കടകംപള്ളിയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് ലക്ഷ്യമെന്നും കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com