എന്‍ഐടിയില്‍ ലക്ചററാണെന്ന് വിശ്വസിച്ചു; കള്ളം പറയുകയായിരുന്നുവെന്ന് അറിയുന്നത് ഇപ്പോള്‍- ജോളിയുടെ രണ്ടാം ഭര്‍ത്താവ്

കൂടത്തായി കൊലപാതക പരമ്പരയില്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് ചോദ്യം ചെയ്യുന്നതു വരെ എന്‍ഐടിയില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു
എന്‍ഐടിയില്‍ ലക്ചററാണെന്ന് വിശ്വസിച്ചു; കള്ളം പറയുകയായിരുന്നുവെന്ന് അറിയുന്നത് ഇപ്പോള്‍- ജോളിയുടെ രണ്ടാം ഭര്‍ത്താവ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് ചോദ്യം ചെയ്യുന്നതു വരെ എന്‍ഐടിയില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. എന്‍ഐടിയില്‍ ബിബിഎ ലക്ചററാണെന്നാണു പറഞ്ഞിരുന്നത്. ജോളി കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും ഷാജു പറയുന്നു. 

പിഎച്ച്ഡി ചെയ്യുന്നതു കൊണ്ട് അവധിയിലാണെങ്കിലും ഓഫീസില്‍ പോകാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ ഓഫീസ് ജോലിയാണെന്നു പറഞ്ഞു. ഒരു തവണ എന്‍ഐടിയുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കല്‍ എം കോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു. അതുകൊണ്ട് സംശയം തോന്നിയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയുടെ കാര്യം കൂടുതല്‍ അന്വേഷിച്ചിരുന്നില്ലെന്നും ഷാജു പറയുന്നു.

നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍  ഇരിക്കാറുണ്ടെന്നാണു പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് പറയുന്നുണ്ടെന്നും അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്നും ജോളി പറഞ്ഞു. 

സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവര്‍ക്കു ചിക്കന്‍ പോക്‌സുള്ളതിനാല്‍ മകള്‍ക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ട് പേരുടെയും മരണത്തില്‍ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 

റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളില്‍ ചിലരായിരുന്നു. ഈ കേസില്‍ പൊലീസ് മൊഴിയെടുക്കാന്‍ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതും മരണ കാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നുമൊക്കെയുള്ള കാര്യം അറിയുന്നതെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com