ജോളിയും മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍; ഭര്‍ത്താവിന്റെ സഹോദരിയെയും വധിക്കാന്‍ ശ്രമിച്ചു, അരിഷ്ടം കുടിച്ച് അവശയായി

ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു
ജോളിയും മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍; ഭര്‍ത്താവിന്റെ സഹോദരിയെയും വധിക്കാന്‍ ശ്രമിച്ചു, അരിഷ്ടം കുടിച്ച് അവശയായി

കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ജോളിയും മാത്യുവും തമ്മിലുളള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.

കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെയും രണ്ടു സഹായികളെയും താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.  ജോളിക്കു സയനൈഡ് എത്തിച്ചതിനാണ് ജ്വല്ലറി ജീവനക്കാരനായ ബന്ധു കക്കാട്ട് മഞ്ചാടിയില്‍ എം എസ് മാത്യു സ്വര്‍ണപ്പണിക്കാരനായ താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്പലത്ത് പ്രജികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. 

ആറു കൊലപാതകങ്ങള്‍ക്കും സയനൈഡ് നല്‍കിയത് മാത്യുവാണെന്നാണ് പൊലീസിന്റെ നിഗമനം. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നല്‍കിയതെന്നാണു മാത്യുവിന്റെ മൊഴി. 2008 ലായിരുന്നു ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണം. നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യുവിന്റെ മൊഴി.

മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രജികുമാറില്‍ നിന്നു സയനൈഡ് വാങ്ങി ജോളിക്കു നല്‍കി. 2002 ലെ അന്നമ്മ തോമസിന്റെ മരണത്തിലും സയനൈഡ് നല്‍കിയതു മാത്യു തന്നെയെന്നാണ് പൊലീസിന്റെ നിഗമനം.

സയനൈഡ് നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ 2 പേരുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നല്‍കിയിട്ടുള്ളു എന്നാണു പ്രജികുമാറിന്റെ മൊഴി. എന്നാല്‍ ജോളിക്ക് 2 തവണ സയനൈഡ് നല്‍കിയെന്നാണു മാത്യുവിന്റെ മൊഴി.

റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിന്റെ പേരില്‍ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു. 2017 ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.

റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസിനു വിവരം ലഭിച്ചു. അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ജോളി നല്‍കിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണില്‍ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു.

ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നല്‍കി.

ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് അറസ്‌റ്റെങ്കിലും മറ്റു മരണങ്ങളുടെയും പിന്നില്‍ ഇവരാണെന്ന് പൊലീസ് അറിയിച്ചു. 6 പേര്‍ക്കും സയനൈഡ് കലര്‍ന്ന ഭക്ഷണമോ പാനീയമോ നല്‍കുകയായിരുന്നുവെന്നു ജോളി മൊഴി നല്‍കി. ഇതു സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളും ശേഖരിച്ചു.

റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. അതിനാലാണ് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതിനനുസരിച്ചാകും നടപടി. മരണം നടന്ന സ്ഥലങ്ങളിലെല്ലാം സാന്നിധ്യമുണ്ടായിരുന്നതും ടോമിന്റെ സ്വത്ത് വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമാണ് അന്വേഷണം ജോളിയിലെത്താന്‍ കാരണം.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രന്‍ ഷാജു സഖറിയാസിന്റെ മകള്‍ ആല്‍ഫൈന്‍ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002-2016 കാലത്തു മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം വായില്‍നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com