പാവറട്ടി കസ്റ്റഡി മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍; വിവരങ്ങളൊന്നുമില്ലെന്ന് പൊലീസ്

പാവറട്ടി കസ്റ്റഡി മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍; വിവരങ്ങളൊന്നുമില്ലെന്ന് പൊലീസ്

കഞ്ചാവുമായി പിടികൂടിയ പ്രതി എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസില്‍ ആരോപണവിധേയരായ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

തൃശൂര്‍: കഞ്ചാവുമായി പിടികൂടിയ പ്രതി എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസില്‍ ആരോപണവിധേയരായ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ മുന്‍പില്‍ ഹാജരാവണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും പ്രതികരിച്ചില്ലെന്ന് പൊലീസ് പറയുന്നു. 

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എട്ട് ഉദ്യോഗസ്ഥരുടെ വീടുകളിലും നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകമമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് പൊലീസ് പറയുന്നു. എട്ട് പേരയും ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല.

അതേസമയം, എക്‌സൈസ് ഓഫീസര്‍മാരുടെയും, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ചു. സാക്ഷികളെയും കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വിഎ ഉമ്മര്‍, എംജി അനൂപ് കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം മാധവന്‍, വിഎം സ്മിബിന്‍, എംഒ ബെന്നി, മഹേഷ്, എക്‌സൈസ് െ്രെഡവര്‍ വിബി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രാഥമിക അന്വേഷണത്തില്‍ ഗുരുവായൂരില്‍ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായാണ് വിവരം.   

തിരൂരില്‍ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന തരത്തില്‍ നേരത്തെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗുരുവായൂരില്‍ വച്ച് തന്നെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായത്, എങ്ങനെയാണ് അവര്‍ ഗുരുവായൂരില്‍ എത്തിയത്, തിരൂരില്‍ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനായി ഈ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരും ഹാജരായാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാനാവൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com