ബിഡിജെഎസ് കടുത്ത തീരുമാനത്തിലേക്ക് ?; അവഗണന തുടരുന്നതില്‍ കടുത്ത അതൃപ്തി ; അരൂരിലെ വോട്ടുകള്‍ എന്‍ഡിഎ ബന്ധത്തില്‍ നിര്‍ണായകം

അരൂരില്‍ എന്‍ഡിഎ വോട്ടുകള്‍ എത്ര നേടാന്‍ കഴിയുമെന്നത് ബിഡിജെഎസുമായുള്ള ബന്ധം തുടരുന്നതില്‍ നിര്‍ണായകമാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മല്‍സരിക്കാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ബിജെപി കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കാത്തതും ബിഡിജെഎസിനുള്ളില്‍ അമര്‍ഷം ശക്തമാക്കിയിട്ടുണ്ട്. അരൂരില്‍ എന്‍ഡിഎ വോട്ടുകള്‍ എത്ര നേടാന്‍ കഴിയുമെന്നത് ബിഡിജെഎസുമായുള്ള ബന്ധം തുടരുന്നതില്‍ നിര്‍ണായകമാവും. 

പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂര്‍ സീറ്റ് ഉപേക്ഷിച്ചത്. എന്നാല്‍ ബിഡിജെഎിന്റെ പ്രതിഷേധം അവഗണിച്ച ബിജെപി, അരൂര്‍ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് അവരുടെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സീറ്റ് ഉപേക്ഷിച്ചെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമെന്ന ബിഡിജെഎസിന്റെ നിലപാടിനെയും ബിജെപി നേതൃത്വം കാര്യമായെടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പായതിനാല്‍ പരസ്യ പ്രതികരണം നടത്താതെ ബിജെപി നേതാക്കള്‍ വിഷയം വിട്ടുകളയുകയാണ്.

പാലാ ഉപ തിരഞ്ഞെടുപ്പില്‍ മുന്നണി വോട്ട് കുറഞ്ഞതിന്റെ പാപഭാരം ബിഡിജെഎസിന്റെ തലയില്‍ വെക്കുന്ന തരത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും ബിഡിജെഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാലായില്‍ വോട്ട് കുറഞ്ഞതിന്റെ കാരണം ബിജെപിക്കുള്ളില്‍ തന്നെയാണെന്നാണ് ബിഡിജെഎസിന്റെ അഭിപ്രായം. പാലാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രസിഡന്റും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പരാജയത്തിന്റെ കാരണങ്ങളും കാണാമെന്നാണ് അവര്‍ പറയുന്നത്.

പാലായിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ അടുപ്പിച്ചില്ലെന്നും ബിഡിജെഎസ് ആരോപിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി പാലായില്‍ നാല് സ്ഥലങ്ങളില്‍ പ്രചാരണത്തിന് വന്നപ്പോള്‍, തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ബിജെപി സ്ഥാനാര്‍ഥി അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നും ബിഡിജെഎസ് പരാതിപ്പെടുന്നു. അരൂര്‍ സീറ്റ് ഉപേക്ഷിച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com