മരട്: ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്ത അപ്പാര്‍ട്‌മെന്റുകള്‍ 140; ബില്‍ഡര്‍മാരുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന 

മരടില്‍ പൊളിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഫ്ളാറ്റുകളില്‍ ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാത്ത അപ്പാര്‍ട്‌മെന്റുകളുടെ എണ്ണം 140 ആയി.
മരട്: ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്ത അപ്പാര്‍ട്‌മെന്റുകള്‍ 140; ബില്‍ഡര്‍മാരുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന 

കൊച്ചി: മരടില്‍ പൊളിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഫ്ളാറ്റുകളില്‍ ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാത്ത അപ്പാര്‍ട്‌മെന്റുകളുടെ എണ്ണം 140 ആയി. കഴിഞ്ഞദിവസം ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്ളാറ്റുകള്‍ റവന്യുവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാത്ത അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നത്.

വില്‍ക്കാതെ ബില്‍ഡര്‍മാരുടെ കൈവശമുള്ളവ ഉള്‍പ്പെടെയാണിത്. 4 ഫ്ളാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാര്‍ട്‌മെന്റുകള്‍ ആകെയുണ്ട്. ഇതോടെ ശരിയായ രേഖകള്‍ ഇല്ലാത്ത ഉടമകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനു നിയമ തടസ്സമുണ്ടാകും.

ഫ്ളാറ്റ് ഉടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തിനു രേഖകളുടെ സാധുത പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുക ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാകും എന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നഷ്ടപരിഹാരത്തിനു ഫ്ളാറ്റ് ഉടമകള്‍ മരട് നഗരസഭാ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷയാണു നല്‍കുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരുടെ പട്ടിക മരട് നഗരസഭ സംസ്ഥാന സര്‍ക്കാരിനു കൈമാറും. ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ 4 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞ 27ന് ഉത്തരവിട്ടത്.

അതേസമയം, മരടിലെ ഫ്ളാറ്റുകളുടെ നിയമ ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ബില്‍ഡര്‍മാരുടെ ഓഫിസുകളില്‍ പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ രാവിലെ 11ന് ആരംഭിച്ച പരിശോധന രാത്രിയും നീണ്ടു.

എളമക്കര മാമംഗലത്തെ ഹോളിഫെയ്ത്ത്, കച്ചേരിപ്പടിയിലെ ആല്‍ഫ വെഞ്ച്വേഴ്‌സ്, പനമ്പിള്ളി നഗറിലെ ജയിന്‍ ഹൗസിങ് എന്നി ഓഫിസുകളിലായിരുന്നു പരിശോധന. പൊളിച്ചു നീക്കാന്‍ നിര്‍േദശിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫിസുകളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം മരട് നഗരസഭയില്‍ നിന്നു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ബില്‍ഡര്‍മാരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കും കടന്നേക്കും. 

ഫ്ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട് നാളെ സംസ്ഥാന സര്‍ക്കാരിനു കൈമാറും. കെഎംആര്‍എല്‍, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് ഓര്‍ഗനൈസേഷന്‍ (പെസോ), മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യപത്രം നല്‍കിയ 6 കമ്പനികളുടെ പ്രതിനിധികളുമായി സബ് കലക്ടറും സമിതി അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പൊളിക്കുന്ന രീതി, സാങ്കേതികവിദ്യ, അനുഭവ സമ്പത്ത് തുടങ്ങിയവ വിലയിരുത്താനായിരുന്നു ഇത്. ഒന്‍പതിനു മുന്‍പു കമ്പനികള്‍ക്കു സിലക്ഷന്‍ നോട്ടിസ് നല്‍കുമെന്നും 11നു സ്ഥലം കമ്പനികള്‍ക്കു കൈമാറുമെന്നും സബ് കലക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com