രണ്ട് രാഷ്ട്രീയ നേതാക്കളും സംശയ നിഴലില്‍ ? ; മൂന്നുപേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

രണ്ട് രാഷ്ട്രീയ നേതാക്കളും സംശയ നിഴലില്‍ ? ; മൂന്നുപേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്

കോഴിക്കോട് : കൂടത്തായി കൂട്ട കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൊലപാതകത്തില്‍ സംശയ നിഴലിലാണ്. ഇവര്‍ ജോളിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതില്‍ ഒരാള്‍ മുസ്ലിം ലീഗിന്റെയും മറ്റേയാള്‍ കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളാണ്. കേസുമായി ബന്ധപ്പെട്ട് രണ്ട് രാഷ്ട്രീയ നേതാക്കളോടും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനോടും ചോദ്യം ചെയ്യലിനായി എസ്പി ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ ഇന്നു ഹാജരാകാനില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും ഇവര്‍ അന്വേഷണ സംഘത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്.  ഇവരില്‍ ഒരാളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നേരത്തെ രഹസ്യമായി പരിശോധന നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നേതാവിനെ നേരത്തെ ചോദ്യം ചെയ്തപ്പോൾ പങ്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ജോളി അറസ്റ്റിലായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. 

ജോളിയുമായി ബന്ധമുള്ളവരുടെ ഫോണ്‍രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളില്‍ സംശയമുള്ളവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് നല്‍കും. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതില്‍ അടക്കം ഇതില്‍ ചിലര്‍ ജോളിയെ സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ജോളിയെയും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com