'അവള്‍ മരിക്കേണ്ടവളായിരുന്നു ; ഭാര്യയെയും മകളെയും കൊന്ന കാര്യം പറഞ്ഞിരുന്നു' ; ഷാജുവിനെതിരെ ജോളിയുടെ മൊഴി

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഷാജുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു
'അവള്‍ മരിക്കേണ്ടവളായിരുന്നു ; ഭാര്യയെയും മകളെയും കൊന്ന കാര്യം പറഞ്ഞിരുന്നു' ; ഷാജുവിനെതിരെ ജോളിയുടെ മൊഴി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങളില്‍ ഭര്‍ത്താവ് ഷാജുവിനെതിരെ പൊലീസിന് ജോളിയുടെ മൊഴി. ആദ്യഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവള്‍ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഃഖമില്ല. ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.
 
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഷാജുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജുവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടില്‍ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങള്‍ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിര്‍ണായകമായ തെളിവുകള്‍ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു. 

കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് അന്വേഷണം നീണ്ടതോടെ, അടുത്ത താമസക്കാരനായ ഒരാളോടാണ് തനിക്ക് ഒരു കൈപ്പിഴവ് സംഭവിച്ചതായി ജോളി സൂചിപ്പിച്ചത്. ഇക്കാര്യം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് മകന്‍ റോമോയെ അമ്മ ജോളിയുടെ അടുത്തേക്ക് അയച്ചു. മകന്‍ റോമോയോടും ജോളി തനിക്ക് പറ്റിയ പിഴവ് തുറന്നുപറഞ്ഞ് കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തിയത് സംബന്ധിച്ച കാര്യങ്ങളും തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com