വിവാഹത്തിന് താല്‍പ്പര്യമെടുത്തത് ജോളി ; റോജോ നേരത്തെ കേസ് കൊടുത്തിരുന്നെങ്കില്‍ തന്റെ ഭാര്യയും മകളും രക്ഷപ്പെടുമായിരുന്നു ; ജോളിയെ തള്ളി ഷാജു

എന്നെയും ഇതില്‍ പെടുത്താന്‍ അവര്‍ പ്ലോട്ട് മെനയുകയാണെന്നാണ് വിചാരിക്കുന്നത്
വിവാഹത്തിന് താല്‍പ്പര്യമെടുത്തത് ജോളി ; റോജോ നേരത്തെ കേസ് കൊടുത്തിരുന്നെങ്കില്‍ തന്റെ ഭാര്യയും മകളും രക്ഷപ്പെടുമായിരുന്നു ; ജോളിയെ തള്ളി ഷാജു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജു സ്‌കറിയ. വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്. ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ തനിക്ക് അത്തരം താല്‍പ്പര്യങ്ങളുണ്ടായിരുന്നില്ല. ഭാര്യ സിലിയുടെ മരണത്തിന് രണ്ടു മാസത്തിന് ശേഷമാണ് ജോളി വിവാഹക്കാര്യം പറയുന്നതെന്ന് ഷാജു എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിച്ചാല്‍ ഷാജുവിന്‍റെ മകനും തന്‍റെ മകന്‍ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതല്‍ കിട്ടുമെന്നും ജോളി പറഞ്ഞു. ഭാര്യ മരിച്ച താന്‍ വീണ്ടുമൊരു വിവാഹത്തിന് സന്നദ്ധനായിരുന്നില്ല. എന്നാല്‍ കുട്ടികളുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പാതി സമ്മതം മൂളി. സിലിയുടെ സഹോദരനും വിവാഹത്തിന് എതിര്‍പ്പ് പറഞ്ഞില്ല.

എന്നാല്‍ ആറുമാസം കഴിഞ്ഞ് വിവാഹം കഴിക്കാമെന്ന് ജോളി പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്ന് മറുപടി നല്‍കി. അപ്പോള്‍ മുസ്ലിങ്ങളെല്ലാം ഒരു മാസത്തിനകം വീണ്ടും വിവാഹം കഴിക്കുന്നുണ്ടല്ലോയെന്ന് ജോളി ചോദിച്ചു. കുട്ടിയുടെ കാര്യം പരിഗണിച്ച് ഒരുവര്‍ഷത്തിന് ശേഷം വിവാഹം കഴിക്കാനേ തനിക്ക് കഴിയൂ എന്ന് പറഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. 

ഞാന്‍ സിലിയുടെ മൃതദേഹത്തില്‍ ചുംബിക്കുന്ന സമയത്ത് തന്നെ ജോളിയും മൃതദേഹത്തെ ചുംബിച്ചു. തങ്ങളുടെ തല തമ്മില്‍ മുട്ടുന്ന തരത്തിലായിരുന്നു അത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമം പോലെയാണ് തോന്നിയത്. ജോളിയുടെ പ്രവൃത്തി തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഇപ്പോഴാണ് അന്നത്തെ സംഭവത്തിന്റെ അപകടം മനസ്സിലാകുന്നത്. 

ജോളിയുടെ മകന്‍ റോമോ ഇപ്പോള്‍ തന്നെയും കേസില്‍ പെടുത്താന്‍ ശ്രമിക്കുകയാണ്. തനിക്കും പങ്കുണ്ടെന്നാണ് ആരോപിക്കുന്നത്. എന്നെയും ഇതില്‍ പെടുത്താന്‍ അവര്‍ പ്ലോട്ട് മെനയുകയാണെന്നാണ് വിചാരിക്കുന്നത്. ഏത് നിമിഷവും ആത്മഹത്യ ചെയ്യാവുന്ന അവസ്ഥയിലാണ് ജോളിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യം ജോളിയുടെ സഹോദരനോടും പറഞ്ഞു. 

ആത്മഹത്യ ചെയ്യാവുന്ന അവസ്ഥയില്‍ പറയുന്നതെല്ലാം ജല്‍പ്പനങ്ങലായിരിക്കുമല്ലോ. ഇത് ഏത് പൊട്ടനും മനസ്സിലാക്കാവുന്ന കാര്യമാണ്. സിലി മരിച്ചുപൊക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. മരിച്ചാലും കുഴപ്പമില്ലെന്ന് പറഞ്ഞു എന്നെല്ലാം റോമോ പറഞ്ഞെങ്കില്‍, ഞാന്‍ ഇത്രനാളും നല്‍കിയ സുരക്ഷിതത്വത്തിന് എന്താണ് വിലയെന്ന് ഷാജു ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എത് സമയത്തും ഹാജരാകാന്‍ താന്‍ തയ്യാറാണ്. ഇപ്പോള്‍ കേസ് കൊടുത്ത റോജോ അത് ആദ്യം ചെയ്തിരുന്നെങ്കില്‍ തന്റെ ഭാര്യയും മകളും രക്ഷപ്പെടുമായിരുന്നുവെന്നും ഷാജു പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com