സിപിഎം-ബിജെപി വോട്ടു കച്ചവട ആരോപണം വോട്ടര്‍മാരെ അപമാനിക്കല്‍ ; യുഡിഎഫ് നേതൃത്വത്തെ തള്ളി ശശി തരൂര്‍ 

ഇടതുപക്ഷം ജയിക്കുന്നത് ബിജെപിക്കും ബിജെപി ജയിക്കുന്നത് ഇടതുപക്ഷത്തിനും ഇഷ്ടമുള്ള കാര്യമല്ല
സിപിഎം-ബിജെപി വോട്ടു കച്ചവട ആരോപണം വോട്ടര്‍മാരെ അപമാനിക്കല്‍ ; യുഡിഎഫ് നേതൃത്വത്തെ തള്ളി ശശി തരൂര്‍ 

തിരുവനന്തപുരം : സിപിഎം-ബിജെപി വോട്ടു കച്ചവടമെന്നത് വോട്ടര്‍മാരെ അപമാനിക്കലാണെന്ന് ശശി തരൂര്‍ എംപി. അറിവും പഠിപ്പും ഉള്ളവരാണ് മലയാളികള്‍. ജനങ്ങള്‍ക്ക് അറിയാം എന്താണ് ചെയ്യേണ്ടതെന്ന്. സിപിഎം നേതാവ് ബിജെപിക്ക് വോട്ടുചെയ്യാന്‍ പറഞ്ഞാല്‍ വോട്ടര്‍മാര്‍ അങ്ങനെ ചെയ്യില്ല. വോട്ട് മറിക്കുന്നതിന് പാര്‍ട്ടി തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. 

ഒരു പാര്‍ട്ടിക്ക് ഒരാള്‍ വോട്ട് കൊടുക്കുന്നത് ആ പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടാണ്. ഇടതുപക്ഷം ജയിക്കുന്നത് ബിജെപിക്കും ബിജെപി ജയിക്കുന്നത് ഇടതുപക്ഷത്തിനും ഇഷ്ടമുള്ള കാര്യമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി എംഎല്‍എ ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് നാണക്കേടാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്കാരും വോട്ട് മറിച്ചിട്ടില്ല. സിപിഎം വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ബിജെപിയെ എതിര്‍ക്കാന്‍ ചെയ്തതാണെന്നും ശശി തരൂര്‍ പറഞ്ഞു. 

ക്രോസ് വോട്ടു നടക്കുമെന്നതിനോട് യോജിക്കുന്നില്ല. വ്യക്തികള്‍ക്ക് ഒരുപക്ഷെ ചെയ്യാനാകും. പക്ഷെ പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെ ചെയ്യാനാകില്ല. വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വൈകിപ്പോയെന്ന് കരുതുന്നില്ല. തന്റെ പരിപാടികളെല്ലാം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. അതുകൊണ്ടാണ് നേരത്തെ മണ്ഡലത്തില്‍ എത്താന്‍ കഴിയാതിരുന്നത്. വട്ടിയൂര്‍ക്കാവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് യുഡിഎഫ് നിര്‍ത്തിയിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി സജീവമായി രംഗത്തുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com