ജോളി ചതിച്ചു, ഒപ്പിട്ടത് വെളളക്കടലാസില്‍; വാങ്ങിയ ഒരുലക്ഷം രൂപ തിരിച്ചുനല്‍കിയെന്ന് സിപിഎം നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th October 2019 07:33 PM |
Last Updated: 08th October 2019 07:33 PM | A+A A- |

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താന്‍ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണെന്നും നിരപരാധിയാണെന്നും മനോജ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ജോളിയില്‍ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ചു എന്ന് മനോജിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി ഇന്നലെ സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.എന്‍ഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. തുടര്‍ന്നായിരുന്നു മനോജിന്റെ പ്രതികരണം.
വെളളക്കടലാസില്‍ ഒപ്പിടിപ്പിച്ച ജോളി വ്യാജ ഒസ്യത്തുണ്ടാക്കുകയായിരുന്നുവെന്ന് മനോജ് പറയുന്നു. ജോളിയില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചുനല്‍കി. എന്തിനാണ് പണം വാങ്ങിയതെന്ന് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തുമെന്നും മനോജ് പറയുന്നു.
എന്‍ഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തുകയായിരുന്നുവെന്ന് മനോജ് പറയുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവര്‍ എന്‍ഐടി അധ്യാപികയാണെന്ന് തന്നെയാണ്. 2007ല്‍ ആദ്യ ഭര്‍ത്താവ് റോയിക്കും മക്കള്‍ക്കും ഒപ്പം ജോളി സ്ഥലം നോക്കാന്‍ എന്‍ഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് പറഞ്ഞു.