'പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി' ; ജോളിയ്ക്ക് കൂട്ടുനിന്ന സിപിഎം നേതാവിനെ പുറത്താക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th October 2019 07:12 AM |
Last Updated: 08th October 2019 07:17 AM | A+A A- |
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് ഒത്താശ നിന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായ മനോജിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് മനോജിനെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
സിപിഎം നേതാവ് ജോളിക്ക് എല്ലാവിധ ഒത്താശ ചെയ്തുകൊടുത്തെന്നും, വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹം ജോളിയുടെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎം നേതാവിന് പുറമെ ഒരു ലീഗ് നേതാവിനും ജോളിയുമായി ഉറ്റ സൗഹൃദമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പുവച്ചത് സിപിഎം പ്രാദേശിക നേതാവാണെന്നും നേരത്തെ അന്വഷണസംഘം കണ്ടെത്തിയിരുന്നു.