കൂടത്തായി : അന്വേഷണസംഘം വിപുലീകരിക്കുന്നു ; ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണ്
കൂടത്തായി : അന്വേഷണസംഘം വിപുലീകരിക്കുന്നു ; ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

തിരുവനന്തപുരം : കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ വിപുലീകരിക്കുന്നു. കേസ് അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏറ്റവും പരിചയസമ്പന്നനായ എസ്പി സൈമണാണ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് എസ്പി സൈമണുമായി സംസാരിച്ചതായി ഡിജിപി ബെഹ്‌റ പറഞ്ഞു. 

ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തില്‍ ഉള്‍പ്പെടുത്തുക. ഏറെ വെല്ലുവിളി നിറഞ്ഞ കേസാണിത്. ഏറ്റവും മികച്ച അന്വേഷണമാകും കേസില്‍ നടത്തുക.  സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരവുമാണ്. അതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ആവശ്യമെങ്കില്‍ സാമ്പിള്‍ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. ഇത് പ്രത്യേക സംഘം അന്വേഷിക്കും. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമം. നിയമപരമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യും. രാമകൃഷ്ണന്റെ മരണവും അന്വേഷിക്കും. കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com