ജോളി തന്നെയും കുരുക്കാന്‍ ശ്രമിക്കുന്നു ; ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ഷാജു

ജോളിയെ സഹായിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ല. തനിക്കെതിരെ ചിലര്‍ കഥ മെനയുകയാണ്
ജോളി തന്നെയും കുരുക്കാന്‍ ശ്രമിക്കുന്നു ; ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച് ജോളിയുടെ ഭര്‍ത്താവ് ഷാജു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. പൊലീസിനോട് കുറ്റം സമ്മതിച്ച്  മൊഴി കൊടുത്തിട്ടില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. കേസില്‍ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച് ഷാജു പറഞ്ഞു. 

ജോളി തനിക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് തന്നെയും കുരുക്കാനുള്ള ശ്രമമാണ്. സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് കുടുക്കാന്‍ നോക്കുകയാണ്. ജോളിയെ സഹായിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ല. തനിക്കെതിരെ ചിലര്‍ കഥ മെനയുകയാണ്. ജോളിയ്ക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിയില്ല. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്ക് എന്റേതും. അതിലപ്പുറത്തേക്ക് അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തിയിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറയുന്നു. 

ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ജീവിതത്തില്‍ ജാഗ്രത കാണിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങളെന്നും ഷാജു പറഞ്ഞു. ജാഗ്രതക്കുറവുണ്ടായാല്‍ അതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണം. മകളുടെ മരണത്തിന് കാരണം ചിക്കന്‍പോക്‌സോ ഭക്ഷണം നെറുകെയില്‍കയറിയതോ ആണെന്നാണ് കരുതിയത്. കുഞ്ഞുശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്ന് തോന്നുണ്ടെന്നും ഷാജു വിശദീകരിച്ചു. 

ജോളിയെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ലെന്നും പൊലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ഷാജു വ്യക്തമാക്കി. തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയത് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടി നല്‍കിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഷാജു പ്രതികരിച്ചു. കൊലകളില്‍ കൃത്യമായ പങ്ക് ഷാജുവിനുണ്ടെന്ന് തെളിയിക്കാതെ കസ്റ്റഡിയോ അറസ്‌റ്റോ പോലുള്ള നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. ഷാജുവിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com