'പൂതനയുടെയും മറുതയുടെയും കാര്യങ്ങള്‍ അരൂരിലെ വിഷയമല്ല; അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തു'; ഷാനിമോളോട് സുധാകരന്‍

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും മന്ത്രി ജി സുധാകരന്‍
'പൂതനയുടെയും മറുതയുടെയും കാര്യങ്ങള്‍ അരൂരിലെ വിഷയമല്ല; അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തു'; ഷാനിമോളോട് സുധാകരന്‍

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും മന്ത്രി ജി സുധാകരന്‍. ഷാനിമോള്‍ അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം. മറ്റൊരു അഭ്യര്‍ഥനയും തനിക്കില്ല. വിവാദമായ പൂതന പരാമര്‍ശം സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അരൂരിലെ കാര്യങ്ങളല്ല പറയുന്നത്. പൂച്ചയുടേയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണ് പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടു ചോദിക്കുന്നത്? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ? അടിയന്തരാവസ്ഥയുണ്ടോ? അതെല്ലാം അസംബന്ധമാണ്.

ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെ തന്നെ. അതൊന്നും ചര്‍ച്ചാ വിഷയമല്ലല്ലോ? പൊലീസില്‍ പരാതി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പൊലീസ് മാങ്ങാത്തൊലി എന്നായിരുന്നു സുധാകരന്റെ മറുപടി. തന്നോടല്ലേ മാപ്പ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അസംബന്ധത്തിനാണോ കേസെടുക്കുന്നത്. കെട്ടിവച്ച കാശ് അവര്‍ക്ക് കിട്ടാതിരിക്കണമെന്നാണോ? ഇപ്പോള്‍ കെട്ടിവച്ച കാശു കിട്ടും. എന്നാല്‍ പൂതന പരാമര്‍ശത്തെപ്പറ്റി പറയും തോറും വോട്ട് കുറഞ്ഞു കൊണ്ടിരിക്കും.

വികസന കാര്യങ്ങളാണ് തങ്ങള്‍ അരൂരില്‍ പറയുന്നത്. വികസനത്തില്‍ കുറവു വന്ന കാര്യങ്ങളുണ്ട്. എല്ലാം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. തെരഞ്ഞെടുപ്പിനു ശേഷം എല്ലാം പൂര്‍ത്തിയാക്കും. എല്ലാ ഗ്രാമീണ റോഡുകളും നന്നാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com