മോഷണത്തിനിടെ മലയാളം പറഞ്ഞത് കുരുക്കായി; ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന യുവാക്കള്‍ പിടിയില്‍

മോഷണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മോഷണത്തിനിടെ മലയാളം സംസാരിച്ചതാണ് കുരുക്കായത്
മോഷണത്തിനിടെ മലയാളം പറഞ്ഞത് കുരുക്കായി; ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന യുവാക്കള്‍ പിടിയില്‍

കോതമംഗലം: പ്രായമായ ദമ്പതികളെ വീട്ടില്‍ കയറി അതിക്രൂരമായി മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെഴയ്ക്കാപ്പിള്ളി പാണ്ടിയര്‍പ്പിള്ളി വീട്ടില്‍ നൗഫല്‍ (34), കോതമംഗലം അയിരൂര്‍പാടം കരയില്‍ ചിറ്റേത്തുകുടി വീട്ടില്‍ അര്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. മോഷണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മോഷണത്തിനിടെ മലയാളം സംസാരിച്ചതാണ് കുരുക്കായത്. 

സെപ്റ്റംബര്‍ അഞ്ചിനാണ് ഐരൂര്‍പാടം അറയ്ക്കല്‍ വീട്ടില്‍ ഏലിയാമ്മ, ജേക്കബ് ദമ്പതിമാരുടെ വീട്ടില്‍ മോഷണം നടന്നത്. ഇവരെ ക്രൂരമായി ആക്രമിച്ചശേഷം എട്ട് പവനോളം സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം നൗഫല്‍ ബംഗാളിയായ പണിക്കാരന്റെ സിംകാര്‍ഡ് ഉപയോഗിച്ച് മോഷണത്തിന് പിന്നില്‍ ബംഗാളികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുഖം മറച്ച് വന്ന അക്രമികളില്‍ ഒരാള്‍ ഉയരമുള്ളയാളും മറ്റേയാള്‍ ഉയരം കുറഞ്ഞയാളും ആയിരുന്നു, ഇരുവരും മലയാളം സംസാരിച്ചിരുന്നു എന്ന ദമ്പതികളുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. 

പ്രതിയായ നൗഫല്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും പണം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും മൂവാറ്റുപുഴയില്‍ വര്‍ക്ക് ഷോപ്പ് ജോലി ചെയ്തുവന്നിരുന്ന അര്‍ഷാദുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കവര്‍ച്ചക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ പറവൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ പണയംവെച്ച ശേഷം ഇരുവരും തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമായി ഒളിവില്‍ കഴിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com