പാലാരിവട്ടം പാലം അഴിമതി: ടിഒ സൂരജിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th October 2019 10:44 AM |
Last Updated: 09th October 2019 10:44 AM | A+A A- |

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അറസ്റ്റിലായവരില്‍ കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനു മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതി എംടി തങ്കച്ചന്‍ എന്നിവരുടെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളി. പാലം പണിക്കു കരാര്‍ ലഭിച്ച ആര്‍ഡിഎസ് പ്രൊജക്ടിന്റെ മാനേജിങ് ഡയറക്ടറാണ് സുമീത് ഗോയല്‍. പണിയുടെ ചുമതലയുണ്ടായിരുന്ന ആര്‍ബിഡിസികെ മുന്‍ എജിഎം ആണ് തങ്കച്ചന്‍. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജ് കേസില്‍ നാലാം പ്രതിയാണ്.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന കേസില്‍ നാല്‍പ്പതു ദിവസമായി റിമാന്‍ഡിലാണ് പ്രതികള്‍. പ്രതികള്‍ സ്വാധീനമുള്ളവരെന്നും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. മൂന്നു പേര്‍ക്കുമെതിരെ തെളിവുകള്‍ ശക്തമെന്നാണ് വിജിലന്‍സ് വാദം. ഇത് അംഗീകരിച്ച കോടതി ഇവരുടെ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു.