500 ന് ചില്ലറയില്ലെന്ന് പറഞ്ഞതിന് തര്‍ക്കം; തട്ടുകടക്കാരന്റെ പല്ല് അടിച്ചുപൊട്ടിച്ചു, വീട്ടുകാരെ മര്‍ദിച്ചു; അറസ്റ്റ്

തമിഴ്‌നാട് സ്വദേശികളായ കുടുംബം നടത്തുന്ന തട്ടുകടയില്‍ കഴിഞ്ഞ ദിവസമാണ് പ്രശ്‌നമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ചില്ലറയില്ലെന്ന് പറഞ്ഞതിന് തട്ടുകടക്കാരന്റെ പല്ല് അടിച്ചുപൊട്ടിച്ചെന്ന പരാതിയില്‍ ബാലരാമപുരം സ്വദേശി അറസ്റ്റില്‍. ബാലരാമപുരം ആര്‍.സി. തെരുവ് തൊളിയറത്തല വീട്ടില്‍ ഷിബു(31) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികളായ കുടുംബം നടത്തുന്ന തട്ടുകടയില്‍ കഴിഞ്ഞ ദിവസമാണ് പ്രശ്‌നമുണ്ടായത്. ചില്ലറ ഇല്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായ ഷിബു കട അടിച്ചു തകര്‍ക്കുകയും ഉടമയേയും കുടുംബത്തേയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. 

തൂത്തുക്കുടി കോവില്‍പ്പെട്ടി കുശാലപ്പെട്ടി വള്ളുവര്‍ നഗര്‍ തെരുവില്‍ റാണിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവര്‍ കുടുംബമായി വിഴിഞ്ഞം റോഡ് ആര്‍.സി. സ്ട്രീറ്റില്‍ തട്ടുകട നടത്തുകയാണ്. ഞായറാഴ്ച രാത്രി 7 മണിയോടെ ഭക്ഷണം കഴിക്കാന്‍ എത്തിയ ഷിബു 500 രൂപ നല്‍കി. എന്നാല്‍ ചില്ലറ ഇല്ലെന്ന് പറഞ്ഞതിന് ഇയാള്‍ റാണിയോട് തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
 
കടയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് മുരുക സ്വാമി ഇത് ചോദ്യം ചെയ്തതോടെ ഇയാളെയും മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍മക്കള്‍ ഓടിവന്നതോടെ ഇവരെയും ഇയാള്‍ മര്‍ദിക്കുകയും വിരട്ടിയോടിക്കുകയും ചെയ്തു. അതിനിടെയാണ് കട അടിച്ചുതകര്‍ത്തത്.  ഇയാളെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com