അയല്‍വീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളകുപൊടി തേച്ചു; പോയത് പാഷന്‍ ഫ്രൂട്ട് പൊട്ടിക്കാനെന്ന് ആണ്‍കുട്ടി

സമീപവാസിയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് അടിവസ്ത്രം മോഷണം പോയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കെട്ടിയിടുകയും മര്‍ദിക്കുകയും മുഖത്ത് മുളകുപൊടി തേക്കുകയുമായിരുന്നു
അയല്‍വീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളകുപൊടി തേച്ചു; പോയത് പാഷന്‍ ഫ്രൂട്ട് പൊട്ടിക്കാനെന്ന് ആണ്‍കുട്ടി

കാസര്‍കോഡ്; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വിദ്യാര്‍ത്ഥിയ്ക്ക് അയല്‍വാസിയുടെ മര്‍ദനം. കാസര്‍കോഡ് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവമുണ്ടായത്. സമീപവാസിയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് അടിവസ്ത്രം മോഷണം പോയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കെട്ടിയിടുകയും മര്‍ദിക്കുകയും മുഖത്ത് മുളകുപൊടി തേക്കുകയുമായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ആരോപണങ്ങള്‍ നിഷേധിച്ചു. പാഷന്‍ ഫ്രൂട്ട് പൊട്ടിക്കാനാണ് അയല്‍വീട്ടില്‍ എത്തിയത് എന്നാണ് പറയുന്നത്. 

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന് അയല്‍വാസി ഉമേഷിന് എതിരേ അമ്പലത്തറ പൊലീസ് കേസെടുത്തു.ഡിസംബര്‍ മുതലാണ് ഉമേഷിന്റെ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥി വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 

തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് സംഭവമുണ്ടാകുന്നത്. അയല്‍വീട്ടിലെ പാഷന്‍ ഫ്രൂട്ട് നോക്കിയിട്ടുവരാം എന്നു പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയത് എന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നത്. അര മണിക്കൂറിന് ശേഷം മകന്റെ കരച്ചില്‍ കേട്ട് അയല്‍വീട്ടിലേക്ക് താന്‍ ഓടിച്ചെന്നു. അവിടെ എത്തിയപ്പോള്‍ മകന്‍ മുളകുപൊടിയില്‍ കുളിച്ചു നില്‍ക്കുകയാണ്. അവന്റെ നെഞ്ചിലായി ബ്രാ ചുറ്റി കെട്ടിയിട്ടുണ്ടായിരുന്നു. ഉമേഷ് അവനെ മര്‍ദിക്കുകയായിരുന്നു' അമ്മ പറഞ്ഞു. താനാണ് മകനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മകന്‍ മോഷണം നടത്തിയെന്നാരോപിച്ച് അവര്‍ തന്നെ ഒരു വിഡിയോ കാണിച്ചു തന്നെന്നും എന്നാല്‍ ഒന്നും കണ്ടില്ലെന്നുമാണ് അവര്‍ പറയുന്നത്. പാഷന്‍ഫ്രൂട്ട് ചെടിയുടെ അടുത്തായി മകന്‍ നില്‍ക്കുന്നതാണ് കണ്ടത്. അവന്‍ പഴം പറിച്ചതുപോലുമില്ല തിരിച്ച് വരുമ്പോഴാണ് അവനെ മര്‍ദിച്ചത്. ഇന്ന് എന്തെങ്കിലും അവന്‍ മോഷ്ടിച്ചോ എന്ന് ഞാന്‍ ഉമേഷിന്റെ ഭാര്യയോട് ചോദിച്ചിരുന്നു. ഇല്ല എന്നാണ് അവര്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

ഡിസംബര്‍ മുതല്‍ തന്റെ മകന്‍ അവരുടെ വസ്ത്രം മോഷ്ടിക്കുന്നുണ്ടെങ്കില്‍ അത് എന്നെ അറിയിക്കുകയല്ലേ വേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. തങ്ങളെ അറിയിച്ചിരുന്നെങ്കില്‍ അവനെ തിരുത്തുമായിരുന്നെന്നും അല്ലാതെ മര്‍ദിച്ച് മുഖത്ത് മുളകുപൊടി തേക്കുകയാണോ വേണ്ടതെന്നും അവര്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com