ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസ്‌ റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെയുള്ള രാജ്യദ്രോഹകുറ്റം റദ്ദാക്കി
ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസ്‌ റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

കൊച്ചി: ആള്‍ക്കൂട്ട കൂട്ടക്കൊലയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിനെതിരെ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള 49 പേര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ബിഹാര്‍ പൊലീസ് റദ്ദാക്കി. പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദ് ചെയ്തത്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു. കേസെടുത്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു

സുധീര്‍ കുമാര്‍ ഓജയുടെ പരാതിയെതുടര്‍ന്നാണ് സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ 49 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ മൂന്നിനാണ് രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ  അശോക് വാജ്‌പേയി, ജെറി പിന്റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്‌കര്‍, കവി ജീത് തയില്‍, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com