ഇടിമിന്നലേറ്റ് അംഗനവാടിയ്ക്ക് തീ പിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമായത്
ഇടിമിന്നലേറ്റ് അംഗനവാടിയ്ക്ക് തീ പിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെങ്ങന്നൂര്‍; ഇടിമിന്നലേറ്റ് അംഗനവാടി കെട്ടിടത്തിന് തീപിടിച്ചു. ചെങ്ങന്നൂരിലെ മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ 73ാം നമ്പര്‍ അംഗന്‍വാടി കെട്ടിടമാണ് ശക്തമായ ഇടിയിലും മിന്നലിലും തകര്‍ന്നത്. മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം.

തീ പടര്‍ന്ന് അംഗനവാടിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍, മേശ, കസേര, ബഞ്ചുകള്‍ എന്നിവപൂര്‍ണമായും കത്തി. ഓടിട്ട മേല്‍ക്കൂരയിലും കഴുക്കോല്‍ ,പട്ടിക, കതകുകള്‍, കട്ടിള എന്നിവയിലും തീ പടര്‍ന്നു പിടിച്ചു. മുറിയിലെ ജനാലച്ചില്ലും തകര്‍ന്നു. മുറിയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീ പടര്‍ന്നു പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. 

സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും  അഗ്‌നിശമന സേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അഞ്ചു മുറികള്‍ ഉള്ള കെട്ടിടത്തിന്റെ ഒരു മുറി പൂര്‍ണ്ണമായും, മറ്റൊരു മുറി ഭാഗികമായും തകര്‍ന്നു. വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചു വന്നത്. കാരയ്ക്കാട് പൂവക്കാട്ടില്‍ മേരിക്കുട്ടി ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com