ഒന്നരലക്ഷം രൂപയും ബുള്ളറ്റും കവര്‍ന്ന മോഷ്ടാവ് പിടിയില്‍; 20 കാരന്‍ പിടിയിലായത് കുറ്റിപ്പുറത്ത് നിന്ന്

ഫ്രാന്‍സിസ് റോഡിലുള്ള മോട്ടോര്‍സൈക്കിള്‍ ഷോറൂമിന്റെ വാതില്‍ കുത്തിത്തുറന്ന്  പുതിയ ബുള്ളറ്റ് മോട്ടോര്‍സൈക്കിളും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
ഒന്നരലക്ഷം രൂപയും ബുള്ളറ്റും കവര്‍ന്ന മോഷ്ടാവ് പിടിയില്‍; 20 കാരന്‍ പിടിയിലായത് കുറ്റിപ്പുറത്ത് നിന്ന്

കോഴിക്കോട്: ഫ്രാന്‍സിസ് റോഡിലുള്ള മോട്ടോര്‍സൈക്കിള്‍ ഷോറൂമിന്റെ വാതില്‍ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റ് മോട്ടോര്‍സൈക്കിളും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഒഴൂര്‍ കോറാട്ട് പൈനാട്ട് വീട്ടില്‍ നൗഫല്‍ ആണ് കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പിടിയിലായത്. 

ടൗണ്‍ സി.ഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും എസ്.ഐ ബിജിത്തും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് മോട്ടോര്‍ സൈക്കിള്‍ ഷോറൂമില്‍ മോഷണം നടന്നത്. സംഭവത്തിനുശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലെ ബുള്ളറ്റ് ഷോറൂമിലും പ്രതി സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നുവെന്നും മനസിലാക്കി.

പ്രതിക്കുവേണ്ടി താനൂര്‍, പൊന്നാനി ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയ പോലീസ് സംഘത്തിന് പ്രതി വീട്ടില്‍ എത്താറില്ലെന്ന് ബോധ്യമായി. പരപ്പനങ്ങാടി ജയിലില്‍നിന്ന് ഇറങ്ങിയശേഷമാണ് പ്രതി മോഷണം നടത്തിയത്. അതിനുശേഷം ചെന്നൈയിലും ബെംഗളൂരുവിലും മദ്യത്തിനും മയക്കു മരുന്നിനും അടിമയായി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതിനിടെ, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു.

പിന്നീട് പ്രതി കുറ്റിപ്പുറത്തിന് സമീപം എത്തിയതായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസിന് വിവരം ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബുള്ളറ്റ് വച്ചസ്ഥലം പ്രതി പോലീസിന് കാട്ടിക്കൊടുത്തു. സൗത്ത് അസി. കമ്മീഷണര്‍ എ.ജെ ബാബുവിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഇ മനോജ്, കെ അബ്ദുള്‍ റഹ്മാന്‍, രണ്‍ദീര്‍, രമേഷ് ബാബു, സി.കെ സുജിത്ത്, പി. ഷാഫി എന്നിവരെക്കൂടാതെ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഷബീര്‍, ഉദയന്‍, ബിനില്‍, സതീശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com