പെണ്‍കുട്ടികളുള്ള മാതാപിതാക്കളോട് അസൂയ ; ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് ; കുഴഞ്ഞുമറിഞ്ഞ് കൂടത്തായി കേസ്

മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍ക്ക് രണ്ടുതവണ വിഷം നല്‍കിയതായാണ് സൂചന
പെണ്‍കുട്ടികളുള്ള മാതാപിതാക്കളോട് അസൂയ ; ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് ; കുഴഞ്ഞുമറിഞ്ഞ് കൂടത്തായി കേസ്

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി രണ്ട് പെണ്‍കുട്ടികളെ അടക്കം നിരവധി പേരെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേ,ണസംഘത്തലവന്‍ എസ്പി കെ ജി സൈമണ്‍ അറിയിച്ചു. ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച താമരശ്ശേരി മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെയും, റോയി തോമസിന്റെ സഹോദരി രഞ്ജി തോമസിന്റെ മകളെയുമാണ് വകവരുത്താന്‍ ശ്രമിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് കുട്ടികളെ രക്ഷപ്പെടുത്താനായത്. 

ഇതടക്കം അഞ്ചുപേരെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം അറിയാമെന്ന് എസ് പി സൈമണ്‍ സൂചിപ്പിക്കുകയും ചെയ്തു. ജയശ്രീയുടെ മകള്‍ക്ക് രണ്ടുതവണ വിഷം നല്‍കിയതായാണ് സൂചന. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നതായി ജോളിയാണ് അറിയിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കുകയായിരുന്നു. രണ്ടു തവണ ഇങ്ങനെ മകള്‍ അവശനിലയിലായിരുന്നതായും ജയശ്രീ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

പെണ്‍മക്കളുള്ള മാതാപിതാക്കളോടുള്ള അസൂയയാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. റോയിയുടെ അടുത്ത ബന്ധുക്കളെയും ജോളി ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ഇതിനിടെ പൊന്നാമറ്റം തറവാട്ടിലെ രണ്ട് മരണങ്ങളില്‍ കൂടി ദൂരുഹതയുയരുന്നുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരപുത്രന്മാരായ വിന്‍സെന്റ് ( ഉണ്ണി), സുനീഷ് എന്നിവരുടെ മരണമാണ് ഇപ്പോള്‍ സംശയ നിഴലിലേക്ക് എത്തിയിരിക്കുന്നത്.

വിന്‍സെന്റിനെ തൂങ്ങിമരിച്ച നിലയിലും സുനീഷ് വാഹനാപകടത്തിലുമാണ് മരിച്ചത്. ഇരുവരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും, സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായുമാണ് പൊലീസിന് വിവരം ലഭിച്ചത്. കെണിയില്‍പ്പെട്ടതായി സുനീഷിന്റെ ഡയറിയിക്കുറിപ്പില്‍ ഉള്ളതായും വിവരം പുറത്തുവന്നിട്ടുണ്ട്.

കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി, സഹായികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായാണ് സൂചന.

വിശദമായ ചോദ്യം ചെയ്യലിന് കൂടുതല്‍ ആളുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ തുടങ്ങി നിരീക്ഷണത്തിലുള്ള മിക്കവരേയും ചോദ്യം ചെയ്‌തേക്കും. കേസില്‍ സംശയമുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ ഷാജുവിന്റെ ആദ്യഭാര്യ മരണമടഞ്ഞ സിലിയുടെ സഹോദരന്‍ , സഹോദരി, അമ്മാവന്‍, ഒരു ബന്ധു എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. സിലിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജുവിന്റെ വെളിപ്പെടുത്തല്‍ ഇവര്‍ നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ തങ്ങളുടെ കുടുംബം പങ്കെടുത്തിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com