നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജോളി ; അപേക്ഷ പകുതി എഴുതി നിര്‍ത്തി ; ആ തെളിവ് കൂടി നിരത്തിയതോടെ പിടിച്ചു നില്‍ക്കാനാകാതെ കീഴടങ്ങല്‍, കുറ്റസമ്മതം

മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നു. മാത്യുവായിരിക്കും റോയിക്ക് സയനൈഡ് നല്‍കിയത് എന്നായിരുന്നു ജോളിയുടെ മറുപടി
നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജോളി ; അപേക്ഷ പകുതി എഴുതി നിര്‍ത്തി ; ആ തെളിവ് കൂടി നിരത്തിയതോടെ പിടിച്ചു നില്‍ക്കാനാകാതെ കീഴടങ്ങല്‍, കുറ്റസമ്മതം

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലില്‍. മൂന്നാമത്തെ തവണ കേസന്വേഷണം നടത്തുന്ന എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍, ഭര്‍ത്താവ് റോയി തോമസിന്റെ  മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന് എസ്പി ചോദിച്ചു. സമ്മതമാണെന്ന് ജോളി മറുപടി നല്‍കി. 

ഉടന്‍ പൊലീസുകാര്‍ ഒരു പേനയും കടലാസും എടുത്തുനല്‍കി. അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. എന്നാല്‍ അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവച്ച് തല കുമ്പിട്ടിരുന്നു. ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജോളി ഫോണില്‍ വിളിച്ചത് മറ്റൊരാളെയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

കൂടത്തായി കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടരമാസം നീണ്ട അന്വേഷണത്തില്‍ ജോളിയെ നാലുതവണയാണ് ചോദ്യം ചെയ്തത്. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയുടെ നേതൃത്വത്തിലും പിന്നീട് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും നടന്ന ചോദ്യം ചെയ്യലില്‍ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ജോളി. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു ജോളിയുടെ ചോദ്യം. എന്നാല്‍ എന്‍ഐടിയില്‍ അധ്യാപികയാണ് എന്നു പറഞ്ഞത് കളവാണെന്ന് ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം പകല്‍ മുഴുവന്‍ ജോളിയെയും ഭര്‍ത്താവ് ഷാജുവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. 

അഞ്ചാം തീയതി രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുന്‍പ്, സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ മാത്യുവിനെ പിടികൂടിയിരുന്നു. അന്നമ്മയുടെ മരണത്തിന് മുമ്പ് ജോളിക്ക് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയതായി മാത്യു അന്വേഷണസംഘത്തോട് പറഞ്ഞു. മാത്യുവിന്റെ മൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നു. മാത്യുവായിരിക്കും റോയിക്ക് സയനൈഡ് നല്‍കിയത് എന്നായിരുന്നു ജോളിയുടെ മറുപടി. 

എന്നാല്‍ സംഭവ ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. മാത്രമല്ല, റോയി തോമസ് രാത്രി ഭക്ഷണം കഴിക്കുന്നതിന് മുന്‍പാണ് കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചതെന്നാണ് ബന്ധുക്കളോടും അയല്‍വാസികളോടും പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ മൊഴി തെറ്റായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലും നിരത്തി പൊലീസ് ചൂണ്ടിക്കാട്ടി.

റോയിയുടെ വയറ്റില്‍ ദഹിക്കാത്ത നിലയില്‍ ചോറും കടലക്കറിയും ഉണ്ടായിരുന്നെന്നും, ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടെ കൊലപാതകം താന്‍ നടത്തിയതാണെന്നു സമ്മതിച്ചതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിനു പിന്നിലെ കാരണങ്ങളും ജോളി അന്വേഷണസംഘത്തോട് തുറന്നുപറഞ്ഞു. എന്നാല്‍ കൊലപാതകങ്ങള്‍ക്ക് കാരണം ജോളിയുടെ സ്വത്ത് മോഹത്തിനു പുറമെ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com