മാണിക്ക് ശേഷം മാണി സി കാപ്പന്‍; പാല എംഎല്‍എആയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാവിലെ 10 ന് നിയമസഭാ ബാങ്കറ്റ് ഹാളിലാണ് സത്യപ്രതിജ്ഞ
മാണിക്ക് ശേഷം മാണി സി കാപ്പന്‍; പാല എംഎല്‍എആയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം; ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍ ഇന്ന് പാല എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 ന് നിയമസഭാ ബാങ്കറ്റ് ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്ത് കാപ്പന്‍ അധികാരത്തിലേറുന്നത്. പാലയുടെ സ്വന്തമായിരുന്ന എംഎം മാണിയുടെ പിന്‍ഗാമിയായാണ് മാണി സി കാപ്പന്‍ എത്തുന്നത്. 

പതിറ്റാണ്ടുകളായി മാണിയിലൂടെ കേരള കോണ്‍ഗ്രസ് കയ്യടക്കിവെച്ചിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എന്‍സിപി സ്ഥാനാര്‍ത്ഥിയിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കുകയായിരുന്നു. കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്. 54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

പാലായില്‍ മൂന്ന് തവണ കെ.എം.മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി.കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ തമ്മിലടിയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധവും കാപ്പനെ തുണച്ചു. എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും സഹായകരമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com