വേദം പഠിപ്പിക്കാന്‍ സിപിഐ ; 'ഭാരതീയം 2019' മായി പാര്‍ട്ടി ; ആര്‍എസ്എസിന്റെ വളര്‍ച്ച തടയുക ലക്ഷ്യം

വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആര്‍എസ്എസിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് സിഎന്‍ ചന്ദ്രന്‍
വേദം പഠിപ്പിക്കാന്‍ സിപിഐ ; 'ഭാരതീയം 2019' മായി പാര്‍ട്ടി ; ആര്‍എസ്എസിന്റെ വളര്‍ച്ച തടയുക ലക്ഷ്യം


 
കണ്ണൂര്‍: വേദം പഠിപ്പിക്കാന്‍ ഇനി സിപിഐയും. ബിജെപിയുടെ വളര്‍ച്ച തടയാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് സിപിഐ വേദം പഠിപ്പിക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ഇ ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. 

എന്‍ ഇ ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി 25 മുതല്‍ മൂന്നു ദിവസം നീളുന്ന സെമിനാറിന് ഭാരതീയം 2019 എന്നാണ് പേരിട്ടിരിക്കുന്നത്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുക.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. ഭാരവാഹികളുടെ വിശദമായ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

ആറുമാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് പരിപാടി. സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.''വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആര്‍എസ്എസിനെ പ്രതിരോധിക്കുകയാണ് സെമിനാര്‍ കൊണ്ടുദ്ദേശിക്കന്നതെന്ന് എന്‍ഇ ബലറാം സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ സി എന്‍ ചന്ദ്രന്‍ പറഞ്ഞു. 

ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭായാത്രയ്ക്ക് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ സാംസ്‌കാരിക യാത്ര ശ്രദ്ധേയമായ പശ്ചാത്തലത്തിലാണ് കൗമാരക്കാരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി സിപിഐ രംഗത്തെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com