ജോളിയുടെ അവിഹിതബന്ധങ്ങളെ റോയി എതിര്‍ത്തു ; കൊലയ്ക്ക് നാലു കാരണങ്ങള്‍ നിരത്തി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th October 2019 02:13 PM |
Last Updated: 10th October 2019 02:13 PM | A+A A- |

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്ത്. റോയി തോമസിന്റെ കൊലയ്ക്ക് നാലു കാരണങ്ങളാണ് പൊലീസ് വ്യക്തമാക്കുന്നത്. റോയി തോമസിന്റെ മദ്യപാന ശീലത്തെ ജോളി എതിര്‍ത്തിരുന്നു. റോയിയുടെ അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാന്‍ കൊലപാതകത്തെ മാര്‍ഗമായി കണ്ടു. റോയിക്ക് പകരം സ്ഥിരവരുമാനമുള്ള ഒരാളെ ഭര്‍ത്താവാക്കാനും ജോളി ലക്ഷ്യമിട്ടതായി കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നു.
റോയി അതിയായ അന്ധവിശ്വാസമുള്ളയാളായിരുന്നു. ഇതിനെ പലപ്പോഴും ജോളി എതിര്‍ത്തിരുന്നു. പതിവായി മദ്യപിച്ച് വരുന്നയാളായിരുന്നു റോയി തോമസ്. റോയിയുടെ മദ്യപാനം ജോളിക്ക് അസഹനീയമായിരുന്നു. ജോളിക്ക് പരപുരുഷബന്ധമുണ്ടായിരുന്നു. ഇത് റോയി തോമസ് ചോദ്യം ചെയ്തിരുന്നു. ഇതും റോയിയോട് ദേഷ്യമുണ്ടാക്കി. സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഒഴിവാക്കാനും ജോളി ആലോചിച്ചു. ഇതാണ് റോയിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
പൊന്നാമറ്റം തറവാടുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് നടന്നത്. ഈ ആറുമരണങ്ങള്‍ക്കും പരസ്പര ബന്ധമുണ്ട്. അഞ്ചു മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഈ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. സയനൈഡ് എവിടെ നിന്ന ലഭിച്ചു, എത്ര തവണ ഉപയോഗിച്ചു, എപ്പോള്‍ നല്‍കി തുടങ്ങി അന്നമ്മയുടെ മരണം മുതല്‍ സിലിയുടെ മരണം വരെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
കേസില്‍ ജോളി അടക്കം മൂന്നു പ്രതികളെയും ആറുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ താമരശ്ശേരി കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. 16-ാം തീയതി വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസിന്‍രെ കസ്റ്റഡിയില്‍ വിട്ടത്. പൊലീസ് പ്രതികളെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.