'ഞങ്ങളൊക്കെ സമരത്തിനു പോകുന്നവരാണ്. അന്നത്തെ പാട്ടാണ്'; നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ പാടി ഗൗരി സഖാവ് ​(വിഡിയോ)

“എല്ലുമുറിയെ വേല ചെയ്തു വേർപ്പുമുട്ടുവോർ, കതിരണിഞ്ഞ വയലിൽ നിന്ന് വറുതി കൊയ്യുവോർ”
'ഞങ്ങളൊക്കെ സമരത്തിനു പോകുന്നവരാണ്. അന്നത്തെ പാട്ടാണ്'; നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ പാടി ഗൗരി സഖാവ് ​(വിഡിയോ)

രൂർ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ടുമുട്ടിയ ഒരു സഖാവിനെ പരിചയപ്പെടുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. ആരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൻ്റെ തെരഞ്ഞെടുപ്പുയോഗത്തിനു ചെന്നപ്പോഴാണ് സഖാവ് ​ഗൗരിയുടെ പാട്ട് കേട്ടത്.

സഖാവ് പുനലൂർ ബാലൻ എഴുതിയ നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ എന്ന പാട്ട് ​ഗൗരി പാടുന്നതും സദസിലിരുന്ന പ്രായം ചെന്ന ചിലർ അത് ഏറ്റുപാടുന്നതും കേട്ട് അത്ഭുതപ്പെടുകയായിരുന്നു മന്ത്രി.  കേരളത്തിലെ തൊഴിലാളികൾ പിന്നിട്ടുവന്ന ഒരു കാലത്തെ പുതുതലമുറയ്ക്ക് ഓർമ്മപ്പെടുത്തുന്ന ആ ചെറിയ സദസ്സിനെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


മനു സി പുളിക്കൻ്റെ തെരഞ്ഞെടുപ്പുയോഗത്തിനു ചെന്നപ്പോഴാണ് മറ്റൊരു സഖാവ് ഗൗരിയെ പരിചയപ്പെട്ടത്. തൈക്കാട്ടുശേരി ഉളവൈപ്പിലെ കുടുംബയോഗത്തിനു ചെല്ലുമ്പോൾ സഖാവ് പാടിക്കൊണ്ടിരിക്കുകയായിരുന്നു. ക്ലേശം നിറഞ്ഞ ഒരുകാലത്തെ ചരിത്രത്തിലേയ്ക്ക് കൊത്തി വെച്ച പാട്ട്. സഖാവ് പുനലൂർ ബാലൻ എഴുതിയ നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ എന്ന പാട്ടാണ് ഗൗരി പാടുന്നത്. ഞാൻ സദസിൽ നോക്കിയപ്പോൾ “എല്ലുമുറിയെ വേല ചെയ്തു വേർപ്പുമുട്ടുവോർ, കതിരണിഞ്ഞ വയലിൽ നിന്ന് വറുതി കൊയ്യുവോർ” എന്ന വരികളൊക്കെ സദസിലിരുന്ന പ്രായം ചെന്ന ചിലർ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്യുന്നു. കേരളത്തിലെ തൊഴിലാളികൾ പിന്നിട്ടുവന്ന ഒരു കാലത്തെ പുതുതലമുറയ്ക്ക് ഓർമ്മപ്പെടുത്താനെന്നവണ്ണം പാടുകയും താളമിടുകയും ചെയ്യുന്ന ഒരു ചെറിയ സദസ്.

നിങ്ങളെങ്ങനെയാണ് എങ്ങനെയാണ് ഈയൊരു പാട്ടിലെ വരികളെല്ലാം ഇങ്ങനെ പഠിച്ചിരിക്കുന്നത്? ഞാനവരോടു ചോദിച്ചു. മറുപടി പറഞ്ഞത് ഗൗരിയാണ്. ഞങ്ങളൊക്കെ സമരത്തിനു പോകുന്നവരാണ്. അന്നത്തെ പാട്ടാണ്. മിച്ചഭൂമി സമരം മുതൽ സമരങ്ങളുടെ നീണ്ട ലിസ്റ്റു തന്നെ ഗൗരി സഖാവ് നിരത്തി. “അന്നൊക്കെ ഞങ്ങളൊരുമിച്ചു പാടിയതാ. ഇപ്പോ പ്രായമായി. ഇനിയും സമരമുണ്ടെങ്കിൽ പാടാൻ തയ്യാർ”.

സഖാവ് ഗൌരിയെ ഗൗരിയപ്പച്ചി എന്നാണ് ആളുകൾ വിളിക്കുന്നത്. പൂച്ചാക്കൽ ലോക്കൽ കമ്മറ്റി അംഗമായിരുന്ന സ. N. ശെൽവരാജിൻ്റെ അപ്പച്ചിയാണ് ഗൗരി. ശെൽവരാജിൻ്റെ അപ്പച്ചി നാട്ടുകാരുടെ അപ്പച്ചിയായി.

വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു മുന്നിൽ സഖാവിൻ്റെ കണ്ണു നിറഞ്ഞു. ഭർത്താവ് മരണപ്പെട്ടുപോയി. മക്കളുമില്ല. മീൻ പിടിത്തവും തൊഴിലുറപ്പുമായി ജീവിതം മുന്നോട്ടു നീക്കുന്നു. "ചിലപ്പോൾ നാടൻ പാട്ടു സംഘത്തോടൊപ്പം പാടാൻ പോകും. പിന്നെ പെൻഷനും കൃത്യമായി കിട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ ജീവിച്ചു പോകുന്നു. പിന്നെ പാർടി സഖാക്കളും അന്വേഷിക്കുന്നുണ്ട്, കേട്ടോ. ഇതൊക്കെ എൻ്റെ പ്രയാസങ്ങൾ".

"ഏതായാലും നമ്മളു ജയിക്കും സഖാവേ"... യോഗം കഴിഞ്ഞു പോകാനിറങ്ങുമ്പോൾ ഗൗരി സഖാവിന്റെ ഉറപ്പ്. അതാണ് അരൂരിലെ സാധാരണ മനുഷ്യരുടെ മനസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com