പാലാരിവട്ടം പാലം പൊളിക്കരുത്; ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പാലാരിവട്ടം മേല്‍പ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കരുത്; ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. 

ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ രായമംഗലം സ്വദേശി പി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചത്. തുടര്‍ന്ന് പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് അടക്കം കളഞ്ഞ് പുതുക്കിപ്പണിയുകയും ബലപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ലോഡ് ടെസ്റ്റ് നടത്തിയശേഷം വാഹനഗതാഗതത്തിന് തുറന്നു നല്‍കണം. മതിയായ പരിശോധനയില്ലാതെയാണ് പാലം ഉപയോഗയോഗ്യമല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ അഭിപ്രായപ്പെടുന്നു. 

പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപ്പണി നടത്തി തുറക്കാമെന്നിരിക്കെ പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണെന്ന് നേരത്തെ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. മദ്രാസ് ഐഐടി നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

ഐഐടിയുടെ വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ടിലെ കുഴപ്പങ്ങള്‍ കരാറുകാരന്‍ പരിഹരിച്ചു. ബെയറിങ്ങുകള്‍ മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ്ങും തൂണുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങുമാണ് ബാക്കിയുളളത്. അതും ചെയ്ത് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡം അനുശാസിക്കുന്ന ലോഡ് ടെസ്റ്റ് കൂടി നടത്തിയാല്‍ നവംബര്‍ ഒന്നിനു പാലം തുറക്കാമെന്നിരിക്കെ, അതു ചെയ്യാതെ പാലം പൊളിക്കാനുളള നീക്കം ദുരൂഹമാണ്. 

പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും അഭിപ്രായം സര്‍ക്കാര്‍ തേടണം. കാര്‍ബണ്‍ റാപ്പിങ് നടത്തിയാല്‍ പാലം 20 വര്‍ഷം ഉപയോഗിക്കാമെങ്കില്‍ കരാറുകാരന്റെ ചെലവില്‍ അതാണു ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com