മൂന്നുലക്ഷം രൂപയുമായി വിദ്യാര്‍ത്ഥിയെ കാണാതായി: ആശങ്ക പരത്തി കത്ത്; പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ ട്വിസ്റ്റ്

മൂന്നുലക്ഷം രൂപയുമായി വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തി.
മൂന്നുലക്ഷം രൂപയുമായി വിദ്യാര്‍ത്ഥിയെ കാണാതായി: ആശങ്ക പരത്തി കത്ത്; പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ ട്വിസ്റ്റ്

മൂന്നുലക്ഷം രൂപയുമായി വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഏറ്റുമാനൂരിലെ വ്യാപാരിയുടെ മകനെ (15) ആണ് ബുധന്‍ പുലര്‍ച്ചെ മുതല്‍ കാണാതായത്. തോക്കു ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നും തിരുവനന്തപുരത്ത് എത്തി 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്നും കത്തെഴുതി മേശപ്പുറത്തു വച്ചശേഷം ബാഗും വീട്ടില്‍ ഇരുന്ന 3 ലക്ഷം രൂപയുമായി സൈക്കിളില്‍ യാത്ര തിരിച്ച വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി പൊലീസും നാട്ടുകാരും പരക്കം പാഞ്ഞു.

ഒടുവില്‍ എറണാകുളത്തെ സ്വകാര്യ ഷോപ്പിങ് മാളില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. നഗരത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ സൈക്കിളില്‍ എംസി റോഡിലൂടെ എറണാകുളം ഭാഗത്തേക്കു വിദ്യാര്‍ഥി പോകുന്നതു കണ്ടെത്തി. പിന്നീട് ആപ്പാഞ്ചിറ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ സിസിടിവി പരിശോധനയിലും വിദ്യാര്‍ഥിയെ കണ്ടെത്തി. ഒരു മാസം മുന്‍പ് കുടുംബസമേതം എറണാകുളത്തെ ഷോപ്പിങ് മാളില്‍ പോയ വിവരം വിദ്യാര്‍ഥിയുടെ പിതാവു പൊലീസിനോടു പറയുകയും ചെയ്തു. ഇതോടെ ഏറ്റുമാനൂര്‍ പൊലീസ് ഷോപ്പിങ് മാള്‍ അധികൃതരുമായി ബന്ധപ്പെട്ടു.

വൈകിട്ട് ഷോപ്പിങ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥിയെ അധികൃതര്‍ കണ്ടെത്തിയതോടെ പൊലീസിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി. പരീക്ഷയില്‍ മാര്‍ക്കു കുറയുമെന്ന ഭയത്താലാണ് വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com