നാലു പേരെ കൊന്നത് സയനൈഡ് നല്‍കി ; കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നു; സയനൈഡ് ബാക്കിയില്ലെന്നും ജോളി ; ഇന്ന് തെളിവെടുപ്പ്

അന്നമ്മയ്ക്കും സിലിയുടെ കുട്ടിയ്ക്കും എന്താണ് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു
നാലു പേരെ കൊന്നത് സയനൈഡ് നല്‍കി ; കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നു; സയനൈഡ് ബാക്കിയില്ലെന്നും ജോളി ; ഇന്ന് തെളിവെടുപ്പ്

കോഴിക്കോട് : കൂടത്തായി ദുരൂഹമരണങ്ങളില്‍ ആറുപേരുടെ കൊലപാതകം നടത്തിയത് താനാണെന്ന് കേസിലെ മുഖ്യപ്രതി ജോളി ജോസഫ് പൊലീസിനോട് പറഞ്ഞു. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തശേഷം ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ആറു കൊലകളും നടത്തിയത് താനാണെന്ന് ജോളി വ്യക്തമാക്കിയത്. ഇതില്‍ നാലുപേര്‍ക്ക് സയനൈഡ് നല്‍കിയാണ് കൊലപാതകം. അന്നമ്മയ്ക്കും സിലിയുടെ കുട്ടിയ്ക്കും എന്താണ് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു. 

കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും ജോളി പൊലീസിനോട് വെളിപ്പെടുത്തി. അന്നമ്മയെ കൊലപ്പെടുത്തിയത് വീടിന്റെ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണെന്നും ജോളി മൊഴി നല്‍കി. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സയനൈഡ് ബാക്കിയില്ല എന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍. 

ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകരയിലെ വനിതാ സെല്ലിലേക്ക് മാറ്റി. ജോളിയെയും മറ്റ് പ്രതികളെയും ഇന്ന് പൊന്നാമറ്റം തറവാട്ടിലും മറ്റും തെളിവെടുപ്പിനായി കൊണ്ടുപോകും. കേസിലെ മുഖ്യ തൊണ്ടിയായ സയനൈഡ്, അല്ലെങ്കില്‍ സയനൈഡ് സൂക്ഷിച്ചിരുന്ന പാത്രം കണ്ടെത്തുക പൊലീസിന് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. കൂടാതെ ജോളിയുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തേണ്ടതും അനിവാര്യമാണ്. ഫോണുകളെക്കുറിച്ച് ജോളി ഇതുവരെ പൊലീസിനോട് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. 

ഇന്നലെയാണ് താമരശ്ശേരി കോടതി ജോളിയെയും കൂട്ടുപ്രതികളായ എംഎസ് മാത്യു, പ്രജുകുമാര്‍ എന്നിവരെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. പൊന്നാമറ്റം തറവാട്, എന്‍ഐടി തുടങ്ങി ജോളി സഞ്ചരിച്ചിരുന്ന വഴികളിലെല്ലാം പൊലീസ് തെളിവെടുപ്പ് നടത്തിയേക്കും. അതേസമയം ജോളിക്കെതിരെ ജനക്കൂട്ടം ആക്രമണം നടത്തിയേക്കാനുള്ള സാഹചര്യവും പൊലീസ് കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തോടെയായിരിക്കും തെളിവെടുപ്പ് നടത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com