പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പ് ; ജോളിയെ കൂവിവിളിച്ച് നാട്ടുകാര്‍ ; കനത്ത സുരക്ഷ

ആദ്യം ജോളിയെയും പിന്നീട് മാത്യുവിനെയുമാണ് പൊന്നാമറ്റം വീട്ടിലെത്തിച്ചത്
പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പ് ; ജോളിയെ കൂവിവിളിച്ച് നാട്ടുകാര്‍ ; കനത്ത സുരക്ഷ

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി പൊന്നാമറ്റം തറവാട്ടിലെത്തിച്ചു. കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചത്. വീടിനും സമീപറോഡുകളിലുമെല്ലാം തടിച്ചുകൂടിയ ജനക്കൂട്ടം ജോളിയെയും കൊണ്ടുപോയ വാഹനം കടന്നുപോയപ്പോള്‍ കൂവിവിളിച്ചും അസഭ്യവര്‍ഷവും നടത്തിയാണ് രോഷം പ്രകടിപ്പിച്ചത്. 

ആദ്യം ജോളിയെയും പിന്നീട് മാത്യുവിനെയുമാണ് പൊന്നാമറ്റം വീട്ടിലെത്തിച്ചത്. എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. തെളിവെടുപ്പിന് തടസ്സമാകും എന്നതിനാല്‍ അന്വേഷണസംഘം ഒഴികെയുള്ള എല്ലാവരെയും പൊന്നാമറ്റം വീടിന് പുറത്തുനിന്നും മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. 

കൊലപാതകപരമ്പരയിലെ അഞ്ച് മരണങ്ങളിലും ജോളിക്കൊപ്പം മാത്യുവിനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് കൊലപാതകങ്ങളിലും മാത്യുവിനെ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. ആളുകള്‍ പൊന്നാമറ്റം തറവാട്ടിലേക്ക് കയറാതിരിക്കാന്‍ വീടിന് ചുറ്റും കനത്ത ബന്തവസ്സാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എആര്‍ ക്യാമ്പിലെ പൊലീസുകാരെയും സുരക്ഷാജോലിക്കായി വിന്യസിച്ചിട്ടുണ്ട്. 

കേസിലെ പ്രധാന തൊണ്ടിമുതലായ സയനൈഡ് കണ്ടെത്താനാണ് തെളിവെടുപ്പില്‍ പ്രധാനമായും അന്വേഷണ സംഘം ശ്രമിക്കുക. സയനൈഡിന്‍രെ ബാക്കി എന്ത് ചെയ്തു എന്ന് ജോളി വ്യക്തമായ ഉത്തരം പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. സയനൈഡ് കുപ്പി ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞു കളഞ്ഞുവെന്നാണ് ജോളി ആദ്യം പറഞ്ഞത്. കുപ്പി കുഴിച്ചിട്ടതായും ജോളി പറഞ്ഞിരുന്നു. സയനൈഡ് കുപ്പിയും ജോളിയുടെ മൊബൈലും കണ്ടെടുക്കുന്നത് കേസില്‍ നിര്‍ണായകമാണ്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. സിലിയുടെ മരണം ഗുളികയില്‍ സയനൈഡ് വിഷം പുരട്ടി നല്‍കിയാണെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസില്‍ ജോളിയെക്കൂടാതെ ഷാജി എന്ന ഒരാളെക്കൂടി പ്രതി ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com