മക്കളെ മുകള്‍ നിലയില്‍ ഉറക്കിക്കിടത്തി മുറി പൂട്ടി ; താഴെയെത്തി വിഷം ചേര്‍ത്ത ഭക്ഷണം വിളമ്പി ; റോയിയുടെ കൊലപാതകം വിശദീകരിച്ച് ജോളി

ബന്ധുവിന്റെ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി
മക്കളെ മുകള്‍ നിലയില്‍ ഉറക്കിക്കിടത്തി മുറി പൂട്ടി ; താഴെയെത്തി വിഷം ചേര്‍ത്ത ഭക്ഷണം വിളമ്പി ; റോയിയുടെ കൊലപാതകം വിശദീകരിച്ച് ജോളി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി ജോസഫ്. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകത്തിലാണ് ജോളിയുടെ വെളിപ്പെടുത്തല്‍. മക്കളെ രണ്ടുപേരെയും വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം വാതില്‍ പുറത്തുനിന്നു പൂട്ടിയ ശേഷമാണ് ഭര്‍ത്താവിന് വിഷം നല്‍കിയതെന്ന് ജോളി പൊലീസിനോട് പറഞ്ഞു. 

മക്കള്‍ കിടന്ന മുകളിലത്തെ മുറി പൂട്ടിയശേഷം താഴെയെത്തി ഭര്‍ത്താവ് റോയിക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. അന്വേഷണ സംഘത്തലവന്‍ എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു രാത്രി 10 മണി വരെ നീണ്ട ചോദ്യം ചെയ്യല്‍. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ജോളി, പിന്നീട് റോയിയുടെ കൊലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ചോദ്യം ചെയ്യല്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. 

കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങള്‍ നിഷേധിച്ചു. ആദ്യഭര്‍ത്താവ് റോയി തോമസ് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് കുഴഞ്ഞുവീണ് മരിച്ചതെന്ന വാദം ജോളി ആവര്‍ത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. 

ആദ്യഘട്ടത്തില്‍ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദത്തെ ഖണ്ഡിച്ചത്. എന്നാല്‍ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടില്‍ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി. റോയി ഭക്ഷണം കഴിച്ച ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് മരണവിവരമറിഞ്ഞ് വീട്ടില്‍ ആദ്യമെത്തിയ ബന്ധുക്കളില്‍ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോട് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി.

പിന്നീടുള്ള ചോദ്യം ചെയ്യലില്‍ റോയിയുടെ മരണദിവസം വീട്ടിലുണ്ടായ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വിവരിച്ചു. കേസില്‍ അറസ്റ്റിലായ മാത്യുവിന് സയനൈഡ് നല്‍കിയ പ്രജികുമാറിനെ നേരത്തേ താമരശ്ശേരിയിലെ ആഭരണ നിര്‍മാണശാലയിലെത്തിച്ചു തെളിവെടുത്തിരുന്നു. അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥരുടെ യോഗവും ഇന്നലെ വടകരയിലെ റൂറല്‍ എസ്പി ഓഫിസില്‍ ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com