മൂന്നുവയസുകാരിയുടെ ചികിത്സയുടെ പേരില്‍ ആളെവച്ച് പണപ്പിരിവ് നടത്തി; ദമ്പതികള്‍ ഉള്‍പ്പെടെ തട്ടിപ്പ് സംഘം പിടിയില്‍

മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍
മൂന്നുവയസുകാരിയുടെ ചികിത്സയുടെ പേരില്‍ ആളെവച്ച് പണപ്പിരിവ് നടത്തി; ദമ്പതികള്‍ ഉള്‍പ്പെടെ തട്ടിപ്പ് സംഘം പിടിയില്‍

ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേരാണ് പൊലീസ് പിടിയിലായത്. നങ്ങ്യാര്‍ക്കുളങ്ങര ജങ്ഷന് കിഴക്ക് റെയില്‍വേ ക്രോസില്‍ ഓട്ടോ നിര്‍ത്തിയിട്ട് ചികിത്സാ സഹായത്തിന് പണപ്പിരിവ് നടത്തിയ  നാല് പേരാണ് പിടിയിലായത്. ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ പ്രവര്‍ത്തകരും പത്തിയൂര്‍ സ്വദേശിയും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 

പത്തിയൂര്‍ ആറാം വാര്‍ഡില്‍ മൂന്ന് വയസുകാരി അനശ്വരയുടെ അര്‍ബുദ രോഗത്തിന് പണം സ്വരൂപിക്കുന്നുവെന്ന ബോര്‍ഡ് വെച്ചാണ്  തഴവ സ്വദേശികളായ ഇവര്‍ തട്ടിപ്പ് നടത്തിയത്. ബോര്‍ഡില്‍ ആറാം വാര്‍ഡ് മെമ്പറുടെ ഉള്‍പ്പടെ ഫോണ്‍ നമ്പരും വെച്ചിരുന്നു. ഈ നമ്പരില്‍ മെമ്പറെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അറിയാതെയാണ് പണപ്പിരിവെന്ന് അറിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍ കരീലക്കുളങ്ങര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. തഴവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് പണപ്പിരിവ് നടത്തിവന്നത്. പ്രവര്‍ത്തകര്‍ ചികിത്സാസഹായം ആവശ്യമായ കുട്ടിയുടെ വീട് അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കിയതിനാല്‍ സംശയം തോന്നിയാണ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. 

നാളുകള്‍ക്ക് മുമ്പ് പത്തിയൂര്‍ ഭാഗത്ത് ഇവര്‍ ഇതേരീതിയില്‍ മറ്റൊരു രോഗിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇത് കണ്ട നാട്ടുകാര്‍ അനശ്വരയുടെ രോഗ വിവരം അറിയിക്കുകയും സഹായിക്കണമെന്ന് പറയുകയും ചെയ്തു. ഇവര്‍ അനശ്വരയുടെ വീട്ടില്‍ എത്തി ചികിത്സാ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് മടങ്ങി. 

എന്നാല്‍ നാളിതുവരെ ഒരു രൂപ പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. പിരിവ് നടത്തുന്ന വിവരവും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സമാന രീതിയില്‍ നിരവധി അഭ്യര്‍ത്ഥനാ പോസ്റ്ററുകള്‍ ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയതായും വിവരമുണ്ട്. തഴവ സ്വദേശികളായ ദമ്പതികള്‍ മറ്റ് രണ്ടുപേരെ ദിവസക്കൂലിക്ക് നിര്‍ത്തിയാണ് പിരിവ് നടത്തി വന്നിരുന്നതായാണ് വിവരം. ദിവസം അഞ്ഞൂറ് രൂപയും വണ്ടിക്കൂലിയും ഭക്ഷണവും നല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com