ലൈംഗികാതിക്രമ ഇരകളുടെ വൈദ്യപരിശോധനയ്ക്ക് എഫ്‌ഐആറോ കേസോ വേണ്ട ; സ്ത്രീകളെ വനിതാ ഡോക്ടര്‍ പരിശോധിക്കണം ; മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ പുതുക്കി സര്‍ക്കാര്‍

അതിക്രമം അതിജീവിച്ചവര്‍ക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാക്കണം പരിശോധനകളും തുടര്‍ ചികിത്സകളും നിര്‍ദേശിക്കേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലൈംഗികാതിക്രമ ഇരകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് മുന്നോടിയായി എഫ്‌ഐആറും കേസും നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി. ഇരയുടെയോ അവരെ ഹാജരാക്കുന്ന രക്ഷിതാക്കളുടെയോ രേഖാമൂലമുള്ള സമ്മതം മാത്രം മതിയെന്ന് സംസ്ഥാനസര്‍ക്കാര്‍ പുതുക്കിയിറക്കിയ മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ വൈദ്യപരിശോധനയ്ക്കുള്ള നിര്‍ദേശങ്ങളാണ് പരിഷ്‌കരിച്ചത്.

ഇരയെ പരിശോധിക്കുന്നതില്‍ നിന്ന് ആശുപത്രികള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന കാരണത്താല്‍ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് അയക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കിരയായി പരിശോധനയ്ക്ക് എത്തിക്കുന്നവര്‍ക്ക് സൗജന്യമായി അടിയന്തര ചികിത്സയും കൗണ്‍സലിങ്ങും നല്‍കേണ്ടതും ആശുപത്രികളുടെ ഉത്തരവാദിത്വമാണ്.

അതിക്രമം അതിജീവിച്ചവര്‍ക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാക്കണം പരിശോധനകളും തുടര്‍ ചികിത്സകളും നിര്‍ദേശിക്കേണ്ടത്. കുട്ടികളുടെ ശരീരപരിശോധന അവരുടെ രക്ഷിതാക്കളില്‍ ആരുടെയെങ്കിലും സാന്നിധ്യത്തിലാകണം. രക്ഷിതാക്കളുടെ അഭാവത്തില്‍, കുട്ടി വിശ്വാസമര്‍പ്പിക്കുന്ന ആളിന്റെ സാന്നിധ്യമുണ്ടാകണം. ഇവരാരുമില്ലെങ്കില്‍ സ്ഥാപനമേധാവിക്ക് മറ്റൊരു സ്ത്രീയെ നിര്‍ദേശിക്കാം. കുട്ടികളാണ് ഇരയെങ്കില്‍ അവര്‍ക്കു മതിയായ സുരക്ഷിതത്വം ഒരുക്കണം.

ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടാകാതെ പരിശോധന നടത്തേണ്ട ഉത്തരവാദിത്വം ആശുപത്രി മേധാവികള്‍ക്കാണ്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളെ പരിശോധിക്കുന്നത് വനിതാ ഡോക്ടര്‍ ആയിരിക്കണമെന്നും പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നു. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീയുടെ രഹസ്യഭാഗങ്ങളുടെ പരിശോധനയ്ക്ക് ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റിനെ നിയോഗിക്കേണ്ടത് സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലെങ്കില്‍ വനിതാഡോക്ടറെ ചുമതലപ്പെടുത്തണം.

ആണ്‍കുട്ടികളോ പുരുഷന്മാരോ ആണ് അതിക്രമങ്ങള്‍ക്ക് ഇരയായതെങ്കില്‍ അവരെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറാണ് പരിശോധിക്കേണ്ടത്. ട്രാന്‍സ്‌ജെന്‍ഡറാണ് ഇരയെങ്കില്‍ പുരുഷഡോക്ടറോ വനിതാ ഡോക്ടറോ പരിശോധിക്കേണ്ടതെന്ന് അവര്‍ക്കുതന്നെ തീരുമാനിക്കാമെന്നും മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com