ശബരിമലയില്‍ നിയമം നിര്‍മ്മിക്കില്ലെന്ന് പറഞ്ഞിട്ടില്ല ; നിഷേധിച്ച് ശ്രീധരന്‍പിള്ള

ആവശ്യമെങ്കില്‍ ശബരിമല ആചാരസംരക്ഷണത്തിനായി നിയമനിര്‍മാണം വേണമെന്നു തന്നെയാണ് ബിജെപി നിലപാടെന്നും ശ്രീധരന്‍ പിള്ള
ശബരിമലയില്‍ നിയമം നിര്‍മ്മിക്കില്ലെന്ന് പറഞ്ഞിട്ടില്ല ; നിഷേധിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള. കാസര്‍കോട് താന്‍ അങ്ങനെ പറഞ്ഞെന്ന് തെറ്റായ പ്രചാരണം നടന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശക്തിയായി നിഷേധിക്കുന്നതായും ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

കാസര്‍കോട് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല. അവിടെ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംബന്ധിക്കുകയും, കേന്ദ്ര നിയമ മന്ത്രിയെയും, ബിജെപിയുടെ കേന്ദ്ര പ്രകടന പത്രികയും ഉദ്ധരിച്ച്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഉണ്ടായത്. ആവശ്യമെങ്കില്‍ ശബരിമല ആചാരസംരക്ഷണത്തിനായി നിയമനിര്‍മാണം വേണമെന്നു തന്നെയാണ് ബിജെപി നിലപാടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

'വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് തലം വരെയും ബിജെപി പോകുമെന്നും ശബരിമല കേസ്സില്‍ റിവ്യൂ ഹര്‍ജിയില്‍ വിധി വന്നശേഷം വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കാം'' എന്നുമാണ് ഞാന്‍ പറഞ്ഞത്. 'സ്‌റ്റേറ്റ് നിയമത്തിന്റെ മൂന്നാം ചട്ടമാണ് സുപ്രിംകോടതി റദ്ദാക്കിയതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ നിയമം പാസാക്കണമെന്നും അതിനെ ബിജെപി പിന്തുണക്കും'' എന്നുമാണ് ഞാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രിംകോടതി മുമ്പാകെ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. വിശ്വാസ സംരക്ഷണത്തിനായി ഭരണഘടനാ പരിരക്ഷ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com